കെഎസ്‌ആര്‍ടിസിയെ കൂടുതല്‍ ജനകീയമാക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളില്‍ യാത്ര ഫ്യുവല്‍സ് ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ കൂടുതല്‍ ജനകീയമാക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളില്‍ യാത്ര ഫ്യുവല്‍സ് ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.തിരുവനന്തപുരം വികാസ് ഭവന്‍ ഡിപ്പോയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി സഹകരിച്ച് സ്ഥാപിച്ച യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഔട്ട് ലെറ്റ് നിലനില്‍ക്കുന്ന സ്ഥലത്തെ തറവാടകയും ഏജന്‍സി കമ്മീഷനും ഫ്യുയല്‍ ഔട്ട്‌ലെറ്റ് നടത്തിപ്പിലൂടെ കെ എസ് ആര്‍ ടി സിക്ക് ലഭിക്കും.
നിലവില്‍ 11 സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ വിവിധ കമ്ബനികളുമായി സഹകരിച്ച് ഔട്ട് ലെറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വരുന്ന രണ്ടു മാസത്തിനുള്ളില്‍ 13 ഔട്ട് ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമാകും. ഗ്രാമ വണ്ടി സേവനവും സിറ്റി സര്‍ക്കുലര്‍ ബസും സ്വിഫ്റ്റ് സര്‍വീസും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്ബള പരിഷ്‌കരണവും അടക്കം വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും വരുമാന വര്‍ദ്ധക പരിപാടികളുമായി കെഎസ്‌ആര്‍ടിസി മുന്നോട്ടു പോവുകയാണ്. പൊതുനിരത്തിലെ വാഹനപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ട് കൂടുതല്‍ പൊതുഗതാഗതത്തെ ജനകീയമാകുന്നു സമീപനങ്ങളാണ് നിലവില്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി പ്രകൃതി സൗഹൃദവും ചെലവുകുറഞ്ഞതുമായ ഇലക്‌ട്രിക് ബസ്സുകള്‍ നിരത്തിലെത്തിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ബസുകള്‍ തിരുവനന്തപുരം നഗരത്തില്‍ ഈ മാസത്തിനുള്ളില്‍ എത്തിച്ചേരും.
കെഎസ്‌ആര്‍ടിസി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ ഗ്രാമ വണ്ടി, സിറ്റി സര്‍ക്കുലര്‍ ബസ് പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റിന്റെ ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ ലഭിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകര്‍ സ്വാഗതം ആശംസിച്ചു. എച്ച് പി സി എല്‍ ജനറല്‍ മാനേജര്‍ (റീടെയ്ല്‍) സി ആര്‍ വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ. മേരി പുഷ്പം, അംജദ് മുഹമ്മദ്, സുരേഷ്, സോണി, അജയകുമാര്‍, ആര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ സംബന്ധിച്ചു.