നിലവിലെ വനങ്ങള്‍കൊണ്ട് കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്ന് പരിസ്ഥിതി റിപ്പോര്‍ട്ട്
കോഴിക്കോട്: നിലവിലെ വനങ്ങള്‍കൊണ്ട് കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്ന് പരിസ്ഥിതി റിപ്പോര്‍ട്ട്.സൗത്ത് ഏഷ്യന്‍ പീപ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ദേശീയ സെമിനാറില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ വിലയിരുത്തലിലാണ് കാലാവസ്ഥ പ്രതിസന്ധിക്ക് വനങ്ങള്‍ മാത്രം പരിഹാരമാകുന്നില്ലെന്ന സൂചനകള്‍ നല്‍കുന്നത്.
2021ലെ കേരള ഡെവലപ്മെന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ശ്രദ്ധേയരായ പരിസ്ഥിതി പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുള്ളത്.
അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ്, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ മണ്ണിന്റെ ജലാംശത്തെ ഇല്ലാതാക്കുന്നുവെന്നും കാലാവസ്ഥ പ്രതിസന്ധി ഏറെ ഗുരുതരമാക്കുന്നുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. 38,863 ചതുരശ്രകിലോമീറ്ററില്‍ 11,524 സ്ക്വയര്‍ കിലോമീറ്റര്‍ വനം മനുഷ്യന്റെ ഇടപെടലില്ലാതെ സംരക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും 9,339.2 സ്ക്വയര്‍ കിലോമീറ്റര്‍ ആണ് കൃത്യമായുള്ള വനവിസ്തൃതിയായി ഇവര്‍ പറയുന്നത്.
ആയിരം ചതുരശ്ര കിലോമീറ്ററിലധികം വനമാണ് കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൃഷിക്കും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി അര നൂറ്റാണ്ടിനിടയില്‍ നല്‍കിയിട്ടുള്ളത്.
കണ്ടല്‍വനങ്ങളുടെ നാശം ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. 38,863 സ്ക്വയര്‍ കിലോമീറ്ററില്‍ വെറും 17 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ് നിലവില്‍ കണ്ടല്‍വനങ്ങള്‍. 700 സ്ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന കണ്ടല്‍വനങ്ങളുടെ ശോഷിപ്പ് ആശങ്കപ്പെടുത്തുന്നതാണ്. 1970കളില്‍ 8,00,000 ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍വയല്‍ വിസ്താരം 1,75,000 ഹെക്ടര്‍ മാത്രമായി ചുരുങ്ങി. ഓരോ വേനല്‍ക്കാലത്തും കാട് വരണ്ടുണങ്ങുന്നുവെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയുന്നുണ്ട്.
മൃഗങ്ങളുടെ ഭക്ഷ്യലഭ്യത മുമ്ബില്ലാത്തവിധം കുറയുകയാണ്. നൂറുകണക്കിന് ലോറികള്‍ ഉപയോഗിച്ചാണ് കാട്ടിലെ കുളങ്ങളില്‍ മൃഗങ്ങള്‍ക്കായി കുടിവെള്ളം നിറക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള കാര്‍ഷിക പ്രവൃത്തി കാടിന്റെ ജലലഭ്യത ഗുരുതരമാം വിധം കുറക്കുന്നതായും വിലയിരുത്തുന്നു. കാടിനോട് ചേര്‍ന്നുള്ള ഖനനം, റെഡ് കാറ്റഗറി ഇന്‍ഡസ്ട്രീസ്, 20,000 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മിതികള്‍ എന്നിവ ഇക്കോ സെന്‍സിറ്റിവ് സോണില്‍ തടയണമെന്നും റിപ്പോര്‍ട്ടിലുണ്ട്.