ജില്ലയിലെ 30,000 വനിതകളെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ പുതിയ പദ്ധതിയുമായി കുടുംബശ്രീ


മലപ്പുറം: ജില്ലയിലെ 30,000 വനിതകളെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ പുതിയ പദ്ധതിയുമായി കുടുംബശ്രീ. മലപ്പുറം കുടുംബശ്രീ ജില്ല മിഷന്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന ഐ.ടി പരിജ്ഞാനം, ഡിജിറ്റല്‍ സാമ്ബത്തിക ഇടപാടുകള്‍, ഇ-മെയില്‍, ഡിജിറ്റല്‍ ബാങ്കിങ്, ഇ സേവനങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകളുടെ ഉപയോഗം തുടങ്ങിയവയിലുള്ള പരിശീലനങ്ങളായിരിക്കും പദ്ധതിയുടെ ഭാഗമായി നടക്കുക. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റും നല്‍കും.14 വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ള കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. ഓരോ പഞ്ചായത്തില്‍നിന്നുമുള്ള മൂന്ന് വീതം റിസോഴ്സ് പേഴ്സന്‍മാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി അവര്‍ മുഖാന്തരമായിരിക്കും പഞ്ചായത്തുതലത്തില്‍ പദ്ധതി നടപ്പാക്കുക. റിസോഴ്സ്പേഴ്സന്മാര്‍ക്കുള്ള ആദ്യഘട്ട ഓറിയന്‍റേഷന്‍ പൂര്‍ത്തിയാക്കിയതായി കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഡിജിറ്റല്‍ സാക്ഷരത യജ്ഞം പദ്ധതി ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജെ.എസ്.എസ് ഡയറക്ടര്‍ ഉമ്മര്‍കോയ, നെഹ്റു യുവ കേന്ദ്ര യൂത്ത് കോഓഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കോ ഓഡിനേറ്റര്‍ മഹേഷ്, സി.എസ്.സി ജില്ല മാനേജര്‍മാരായ ഷുക്കൂര്‍, നൗഷാദ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ കെ.എസ്. ഹസ്കര്‍ തുടങ്ങിയവരും സംബന്ധിച്ചു.