ജില്ലയിൽ ആയിരകണക്കിന് പട്ടയങ്ങൾ നൽകാനുള്ള പ്രദേശങ്ങളെ ഒഴിവാക്കി വനം – റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനുള്ള സർക്കാർ ഉത്തരവിനെക്കുറിച് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി പറയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി

കഴിഞ്ഞ ജനുവരി 25 നാണ് അടിയന്തിരമായി സംയുക്ത പരിശോധന നടത്തേണ്ട വില്ലേജുകളിൽ ഭൂമി പതിവ് സ്പെഷ്യൽ തഹസീൽദാർമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ സംയുക്ത പരിശോധന ആവശ്യമില്ലാത്ത സി എച്ച് ആർ മേഖലയിലെ വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടയം നൽകാനുള്ള വില്ലേജുകളെ പൂർണമായും ഒഴിവാക്കിയാണ് കളക്ടറുടെ ഉത്തരവ്. 2006 ൽ വിഞ്ജാപനം ചെയ്ത വാഗമൺ റിസർവിന്റെ പേരിൽ കൈവശഭൂമിക്ക് പട്ടയം നിഷേധിക്കാൻ വനം വകുപ്പ് ഗൂഡനീക്കം നടത്തുന്നതിനിടയിൽ ജില്ലാ കളക്ടർ ഇറക്കിയ ഈ ഉത്തരവ് ആശങ്കയോടെ മാത്രമേ കാണാൻ കഴിയു. വനവിസ്തൃതി വർധിപ്പിക്കാൻ വനം വകുപ്പ് നടത്തുന്ന നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് സർക്കാരിന്റെ നടപടി.
*സംയുക്ത പരിശോധനയിൽ നിന്ന് സർക്കാർ ഒഴിവാക്കിയ വില്ലേജുകളും അവിടെ പട്ടയം ലഭിക്കാനുള്ളവരുടെ എണ്ണവും*.
കഞ്ഞിക്കുഴി – 2177
ഇടുക്കി – 2148
അറക്കുളം – 317
വണ്ണപ്പുറം – 3846
ഉടുമ്പന്നൂർ – 145
വെള്ളിയാമറ്റം – 224
മന്നാകണ്ടം – 2776
ഇടുക്കി, തൊടുപുഴ താലൂക്ക് പരിധിയിലുള്ള ഈ പ്രദേശങ്ങളെ സംയുക്ത പരിശോധനയിൽ നിന്ന് ഒഴിവാവക്കിയതിന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി പറയണം. പണ്ട് നടത്തിയ സംയുക്തപരിശോധനയിൽ നിന്ന് ഈ സ്ഥലങ്ങൾ ഒഴിവാക്കപ്പെട്ടുപോയതായി 2016 ൽ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. സ്വന്തം നിയോജക മണ്ഡലത്തിലെ വില്ലേജുകളെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കാത്ത മന്ത്രിയുടെ ഭൂ വിഷയങ്ങളിലെ അജ്ഞത വെളിപ്പെടുകയാണ് ചെയ്യുന്നത്. കൂടാതെ 2006 ൽ വിഞ്ജാപനം ചെയ്ത വാഗമൺ റിസർവിന്റെ പേരിൽ കൈവശഭൂമിക്ക് വരെ പട്ടയം നിഷേധിക്കാൻ വനം വകുപ്പ് ഗൂഡനീക്കം നടത്തുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ജില്ലാ കളക്ടർ ഇറക്കിയ ഈ ഉത്തരവ് ആശങ്കയോടെ മാത്രമേ കാണാൻ കഴിയു. ഈ വില്ലേജുകൾ റിസർവ് വനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്ന് സംശയിക്കുന്നു.
*സിഎച്ച്ആറിൽ പരിശോധന ആവശ്യമില്ല*
ലാൻഡ് റജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് സിഎച്ച്ആറിൽ പട്ടയം നൽകുന്നത്. ഇവിടെ സംയുക്ത പരിശോധന ആവശ്യമില്ല. പഴയ ഉടുമ്പൻചോല താലൂക്കിന് പുറത്ത് ഉള്ളതും പട്ടയം നൽകുന്നതിന് കേന്ദ്രാനുമതി ലഭിച്ചതുമായ സിഎച്ച്ആറിന് പുറത്തുള്ള വില്ലേജുകളിലാണ് സംയുക്ത പരിശോധന നടത്തേണ്ടത്. ഈ പ്രാദേശങ്ങളെ ഒഴിവാക്കി സംയുക്ത പരിശോധന നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലന്നിരിക്കെ ജില്ലാ കളക്ടറുടെ ഉത്തരവ് എന്തിന് വേണ്ടിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ള എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കണം. സിഎച്ച്ആറിലെ പട്ടയവിതരണം തടഞ്ഞ 24-10-2024 ലെ സുപ്രീം കോടതി വിധിയിൽ വ്യക്തത/പുനഃപരിശോധന നടത്താതെ സിഎച്ച്ആർ മേഖലയിൽ പട്ടയം നൽകാൻ കഴിയില്ലെന്നാണ് എജിയുടെ നിയമോപദേശം. എന്നാൽ, വ്യക്തത വരുത്താനുള്ള ഒരുനടപടിയും സ്വീകരിക്കാതെയാണ് സിഎച്ച്ആറിൽ ഉൾപ്പെട്ട കട്ടപ്പനയിലെ ഷോപ്പ് സൈറ്റ്, ലാൻഡ് റജിസ്റ്ററിലെ പിഴവ് മൂലം പട്ടയം നൽകാത്ത തോപ്രാംകുടി, പച്ചടി മേഖലയിലും പട്ടയം നൽകുമെന്ന് മന്ത്രി പറയുന്നത്. എന്നാൽ ഇതിനായി റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിൽ കോടതി ഉത്തരവിന് വിധേയമായി പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പറയുന്നത്. ഒരാൾക്ക് പോലും ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയം നൽകാൻ കഴിയില്ല. കൃത്യമായ ഇടപെടൽ നടത്താതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വെപ്രാളം കാണിച്ച് പട്ടയ പ്രശ്നങ്ങളിൽ കൂടുതൽ നിയമക്കുരുക്ക് ഉണ്ടാക്കുകയാണ് സർക്കാർ. കഴിഞ്ഞ 5 വർഷം മന്ത്രി സഭയിൽ ഉണ്ടായിരുന്നിട്ടും മന്ത്രി റോഷി ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായെന്ന് മനസ്സിലാക്കി മലയോര ജനതയെ പറ്റിക്കാൻ പുതിയ ഉത്തരവുകളുമായി വന്നിരിക്കുകയാണെന്നും ബിജോ മാണി പറഞ്ഞു. പത്രസമ്മേളനത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ പങ്കെടുത്തു













































































