താമരക്കുളത്തില്‍ നീന്തരുതെന്നും അപകട സാധ്യതയുണ്ടെന്നും ആവര്‍ത്തിച്ചറിയിച്ച് അധികൃതര്‍


ഒറ്റപ്പാലം: താമരക്കുളത്തില്‍ നീന്തരുതെന്നും അപകട സാധ്യതയുണ്ടെന്നും ആവര്‍ത്തിച്ചറിയിച്ച് അധികൃതര്‍.അപകട സാധ്യത മുന്‍നിര്‍ത്തി പത്തൊന്പതാം മൈലില്‍ ഉള്ള ഈ കുളത്തില്‍ നീന്തരുതെന്ന് അഗ്നിരക്ഷാസേനയും മുന്നറിയിപ്പു നല്‍കി.പത്തൊന്പതാം മൈലിലെ താമരക്കുളം നീന്തല്‍ക്കുളമല്ലെന്ന് ഒറ്റപ്പാലം സബ് കളക്ടറും വ്യക്തമാക്കി. കുളത്തിന്‍റെ ആഴവും വെള്ളത്തിലെ ഘടകങ്ങളും നീന്തുന്നതിനു നല്ലതല്ലെന്നാണ് അഗ്നിരക്ഷാസേനയുടെയും റിപ്പോര്‍ട്ട്.ഇവിടെ ഒരു മുങ്ങിമരണം നടന്നതുമായി ബന്ധപ്പെട്ടുനടന്ന അന്വേഷണത്തിലാണ് ഈ വിലയിരുത്തല്‍.
കുളം കൃഷിയുടെ ജലസേചനാവശ്യത്തിനുള്ളതാണെന്നും, നീന്താന്‍ അനുമതിയില്ലെന്നും കെ. പ്രേംകുമാര്‍ എംഎല്‍എയും പറഞ്ഞു.ആവശ്യക്കാര്‍ സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് നഗരസഭയുടെ അനുമതി വാങ്ങണമെന്നും എംഎല്‍എ പറഞ്ഞു. അപകട സാധ്യത മനസിലായിട്ടും ഈ കുളത്തില്‍ ദിനംപ്രതി നീന്താന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചത്.
പാലക്കാടിന്‍റെ സ്വിമ്മിംഗ് പൂള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കുളം അതിമനോഹരമായാണ് നിര്‍മിച്ചിട്ടുള്ളത്. കണ്ടാല്‍ സിമ്മിംഗ് പൂളിന് സമാനമാണ് ഇതിന്‍റെ നിര്‍മാണ ഘടന. എന്നാല്‍ വലിയ ആഴം കുളത്തിനുണ്ട്.
നീന്തല്‍ അറിയാത്തവര്‍ കുളത്തിലിറങ്ങിയാല്‍ അപകടം ഉറപ്പാണ്. ഇത്തരത്തില്‍ ഒരുമാസം മുന്പ് ഒരു കുട്ടി മുങ്ങി മരിക്കുകയും ചെയ്തിരുന്നു. കൊച്ചുകുട്ടികള്‍ ഈ കുളത്തില്‍ അവധി ദിവസങ്ങളില്‍ നീന്താന്‍ എത്തുന്നത് പതിവായി തീര്‍ന്ന സാഹചര്യവും ഉണ്ട്. വലിയ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്.