മതിയായ സംരക്ഷണഭിത്തികളില്ലാതെ ബി.എം, ബി.സി നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന ദേശീയപാതയുടെ ഭാഗമായ അടിമാലി കുമളി ദേശീയപാതയില്‍ പനംകുട്ടി മുതല്‍ കീരിത്തോട് വരെയുള്ള ഭാഗങ്ങള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു


ചെറുതോണി: മതിയായ സംരക്ഷണഭിത്തികളില്ലാതെ ബി.എം, ബി.സി നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന ദേശീയപാതയുടെ ഭാഗമായ അടിമാലി കുമളി ദേശീയപാതയില്‍ പനംകുട്ടി മുതല്‍ കീരിത്തോട് വരെയുള്ള ഭാഗങ്ങള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.2018ലെ പ്രളയത്തില്‍ ദേശീയപാതയുടെ പല ഭാഗങ്ങള്‍ മണ്ണിടിഞ്ഞ് പോയതാണ്. ഇതിനുപിന്നാലെ ഈ ദേശീയപാതയില്‍ പലസ്‌ഥലങ്ങളും അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു. പിന്നീട് ബി.എം, ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുകയും ചെയ്‌തു.
എന്നാല്‍, അപകട ഭീഷണിയുള്ള മണ്ണിടിഞ്ഞുപോയ ഭാഗങ്ങള്‍ സംരക്ഷണഭിത്തി കെട്ടാതെയാണ് ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. അടിമാലി കുമളി ദേശീയപാതയില്‍ പനംകുട്ടി മുതല്‍ കീരിത്തോട് വരെയുള്ള ഭാഗങ്ങളാണ് പ്രധാനമായും അപകടഭീഷണി ഉയര്‍ത്തുന്നത്. വലിയ കൊക്കയോട് കൂടിയ പല ഭാഗങ്ങളിലും ഇത്തരത്തില്‍ അപകട സാധ്യതയോടെ നില്‍ക്കുകയാണ്. വിനോദസഞ്ചാരികളുടേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രതി ദിനം കടന്നുപോകുന്ന ദേശീയപാതയില്‍ അടിയന്തരമായി സംരക്ഷണഭിത്തികള്‍ നിര്‍മ്മിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.