ബഫര്‍സോണ്‍ സമരം തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍
കൊച്ചി: ബഫര്‍സോണ്‍ സമരം തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. വനംമന്ത്രി എ.കെ.ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.മലയോര ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പ്രതിഷേധമാണിത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്നും സമരം സര്‍ക്കാരിനെതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കക്ഷി രാഷ്ട്രീയത്തിനും ജാതി-മത വ്യത്യാസങ്ങള്‍ക്കും അതീതമായി ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാരിനെ അറിയിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. ഒരു കുടുംബത്തിനു പോലും പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ പ്രശ്‌നപരിഹാരത്തിനുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും രൂപതാ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ബഫര്‍സോണ്‍ നടപടികള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വനംമന്ത്രി രൂപതാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.