സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി.അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍വരെ മഴ ലഭിക്കാനാണ് സാദ്ധ്യത. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ഇന്ന് മഴ ലഭിക്കാനാണ് സാദ്ധ്യത.ഇന്നലെ വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴയാണ് ലഭിക്കുന്നത്. ചില ഭാഗങ്ങളില്‍ തോരാതെ മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ചിലയിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്.അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. നാളെയും മറ്റെന്നാളും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെയും മറ്റെന്നാളും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തില്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.