ഇടുക്കി സത്രം എയര്‍സ്ട്രിപ്പ് തകർച്ചയ്ക്ക് കാരണം നിർമ്മാണത്തിലെ അപാകത; കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കും

ഇടുക്കി : കനത്ത മഴക്കൊപ്പം നിര്‍മ്മാണത്തിലെ അപാകതയും ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്‍റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞു പോകാന്‍ കാരണമായതായി ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘത്തിന്‍റെ പരിശോധനയില്‍ കണ്ടെത്തി.
വീണ്ടും ഇടിയാതിരിക്കാന്‍
കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്ന് സംഘം നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ജൂലൈ മാസം പെയ്ത കനത്ത മഴയിലാണ് സത്രം എയര്‍ സ്ട്രിപ്പിന്‍റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നത്. ഒരു വശത്തെ ഷോള്‍ഡറിന്‍റെ ഭാഗവും ഒലിച്ചു പോയിരുന്നു. ഇതിന്‍റെ കാരണം കണ്ടെത്തുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ജി എസ് പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. മണ്ണിടിഞ്ഞതിനു മറു വശത്തെ മൊട്ടക്കുന്നില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകാന്‍ റണ്‍വേക്കടിയിലൂടെ രണ്ടു പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലുണ്ടായ അപാകതയാണ് വന്‍ തോതിലുള്ള മണ്ണിടിച്ചിലിനു കാരണമായതെന്നാണ് നിഗമനം.
ആവശ്യത്തിനു നീളവും വണ്ണവുമില്ലാത്ത പൈപ്പാണ് സ്ഥാപിച്ചിരുന്നത്. റണ്‍വേയുടെ മുകളിലൂടെ വെള്ളമൊഴുകിയത് അപകടത്തിനു കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവിലെ സ്ഥിതിയില്‍ വീണ്ടു മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മണ്ണിന്‍റെ ഘടന സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. അതിനു ശേഷം കയര്‍ ഭൂ വസ്ത്രം വിരിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
നിര്‍മ്മാണത്തില്‍ അപകതയുണ്ടായതിനാല്‍ കരാറുകാരനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബാക്കി വരുന്ന തുക ദുരന്ത നിവാരണ നിയമ പ്രകാരം ലഭ്യമാക്കും. ഇടുക്കിയില്‍ പ്രകൃതി ദുരന്തമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് എയര്‍ സട്രിപ്പ് ഉപയോഗിക്കാനുള്ള ശപാര്‍ശയും സംഘം നല്‍കും. ഇതിനിടെ വിമാനമിറക്കാന്‍ തടസ്സമായി നിന്ന മണ്‍തിട്ട മാറ്റുന്ന പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സത്രത്തിലേക്കുള്ള റോഡ് ടാര്‍ ചെയ്യുന്നതിനായി എന്‍സിസി പൊതുമരാമത്ത് വകുപ്പിന് പണം കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെ ടെണ്ടര്‍ പോലും ചെയ്തിട്ടില്ല. രണ്ടരക്കിലോമീറ്ററിലേറെ റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്