സംസ്ഥാനത്ത് 35 ദിവസത്തിനിടെ പിടിച്ചത് 14.6 കോടിയുടെ മയക്കുമരുന്ന്; 1038 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി കേരളത്തിലുടനീളം എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 22 വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
14.6 കോടി രൂപയുടെ മയക്കുമരുന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 957.7 ഗ്രാം എംഡിഎംഎ, 1428 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നര്‍ക്കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നവംബര്‍ ഒന്നുവരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരും . തൃശൂരിലും എറണാകുളത്തുമാണ് ഏറ്റവുമധികം കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുറവ് കാസര്‍കോടാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ സജീവമായി പങ്കാളികളായ എക്‌സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. കൂടുതല്‍ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചു.
സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മയക്കുമരുന്ന് കേസിലുള്‍പ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാബാങ്ക്(ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ പ്രത്യേക നിരീക്ഷണവും എക്‌സൈസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍, ട്രെയിനുകള്‍, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍, ഇടറോഡുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമായി തുടരുകയാണ്.