വനവിഭവങ്ങൾ കടത്താൻ ഇടനിലക്കാർ; ആദിവാസി സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ


ചെറുതോണി: പുറത്തുനിന്നുള്ള ഇടനിലക്കാര്‍ ഹൈറേഞ്ചില്‍നിന്ന് വനവിഭവങ്ങള്‍ കടത്തുന്നത് വര്‍ധിച്ചതോടെ ഇവയുടെ വിപണനത്തിനായി രൂപംനല്കിയ ആദിവാസി സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍.
ലക്ഷക്കണക്കിന് രൂപയുടെ വനവിഭവങ്ങളാണ് സഹകരണ സംഘത്തിലെത്തുന്നതിന് മുമ്ബ് ആദിവാസികളില്‍നിന്ന് ഇടനിലക്കാര്‍ നേരിട്ട് വാങ്ങുന്നത്. ഇതുമൂലം മിക്ക സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
വനം വകുപ്പിെന്റ മേല്‍നോട്ടത്തിലാണ് ആദിവാസി സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ സംഘത്തിെന്റയും പരിധിയിലെ വനവിഭങ്ങള്‍ ശേഖരിച്ച് അതത് സംഘത്തില്‍തന്നെ കൊടുക്കണമെന്നാണ് നിയമം. ഇതിനായി വനം വകുപ്പ് ആദിവാസികള്‍ക്ക് പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. എന്നാല്‍, പുറത്തുനിന്ന് എത്തുന്ന ഇടനിലക്കാര്‍ നിയമം ലംഘിച്ച് സംഘത്തില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടിയ വില നല്കി ആദിവാസികളില്‍നിന്ന് വനവിഭവങ്ങള്‍ വാങ്ങി വന്‍കിടക്കാര്‍ക്ക് മറിച്ചുവില്‍ക്കുകയാണ്. ഇതാണ് സഹകരണ സംഘങ്ങളുടെ നിലനില്പിന് ഭീഷണിയാകുന്നത്. ആദിവാസികളില്‍നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ജില്ല ആസ്ഥാനമുള്‍പ്പെടെ സ്ഥലങ്ങളില്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്.
എന്നാല്‍, തങ്ങള്‍ ശേഖരിച്ച് സഹകരണ സംഘത്തിലെത്തിക്കുന്ന വനവിഭവങ്ങള്‍ക്ക് അവയുടെ മൂല്യത്തിന് അനുസൃതമായി വില ലഭിക്കുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു. ഇതാണ് ഇടനിലക്കാരുടെ ചൂഷണത്തിന് വഴിയൊരുക്കുന്നത്. കൂടുതല്‍ വില ലഭിക്കുമെന്നാകുമ്ബോള് പലരും സഹകരണ സംഘങ്ങളെ ഒഴിവാക്കി ഇടനിലക്കാര്‍ക്ക് വില്ക്കാന് തയാറാകുകയാണ്. വനത്തില്‍നിന്ന് ശേഖരിക്കുന്ന ഗുണമേന്മയുള്ള തേന്‍, കുന്തിരിക്കം, ഇഞ്ച, വഴനപ്പു തുടങ്ങിയ വനവിഭവങ്ങള്‍ ഇടനിലക്കാര്‍ വഴി കൊടുത്താല്‍ ഇരട്ടി വില വരെ കിട്ടുന്നുണ്ട്. ഇടനിലക്കാര്‍ ഇത് സംസ്ഥാനത്തിനകത്ത് മാത്രമല്ല വിദേശത്തേക്കും വന്‍തോതില്‍ കയറ്റിയയക്കുന്നു. വനത്തിനുള്ളില്‍നിന്ന് കൊണ്ടുവരുന്ന പച്ചമരുന്നുകള്‍ക്കും നല്ല വിലയാണ്. അളവും തൂക്കവും കൃത്യമായി നോക്കി ഇരട്ടി വില നല്‍കിയാണ് ഇടനിലക്കാര്‍ വനവിഭവങ്ങള്‍ വാങ്ങുന്നത്.