ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്ക് അതി ശക്തം; വൈദ്യുതി ഉത്പാദനം പരമാവധി


തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പരമാവധിയായി തുടരുന്നു.
ആഗസ്റ്റ് ആദ്യം മുതലാണ് മഴ ശക്തമായതോടെ ഉത്പാദനം പരമാവധിയിലേക്ക് ഉയര്‍ത്തിയത്. നിലവില്‍ ജില്ലയില്‍ മഴ കുറവുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. ആഗസ്തില്‍ 17.03 മില്യണ്‍ യൂണിറ്റായിരുന്നു ശരാശരി ഉത്പാദനം. പിന്നീട് ഈ മാസം ചെറിയ കുറവ് വന്നെങ്കിലും ദിവസം ശരാശരി 16.76 മില്യണ്‍ യൂണിറ്റില്‍ തുടരുകയാണ്. ആകെയുള്ള ആറ് ജനറേറ്ററുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 18.72 മില്യണ്‍ യൂണിറ്റ് ഉത്പാദിപ്പിക്കാനാകും. എന്നാല്‍ 18ന് മുകളില്‍ ഉത്പാദനം എത്തുന്നത് അപൂര്‍വ ഘട്ടങ്ങളില്‍ മാത്രമാണ്.
ഇടുക്കി അണക്കെട്ടിന്റെ നിലവിലെ ജലനിരപ്പ് 2387.52 അടിയാണ്. മൊത്തം സംഭരണ ശേഷിയുടെ 82.28 ശതമാനമാണിത്. പരമാവധി 2403 അടി വെള്ളം സംഭരിക്കാനാകും. സംഭരണിയിലേക്ക് കഴിഞ്ഞ 10 ദിവസത്തിനിടെ 205.745 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമൊഴുകിയെത്തി. അതേ സമയം ഉത്പാദനം കൂടി നില്‍ക്കുന്നത് കൃത്യസമയത്ത് ജനറേറ്റര്‍ അറ്റകുറ്റപണി നടത്തുന്നതിന് തടസമായി മാറുകയാണ്.