ദേശീയപാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ വ്യാപക പ്രതിഷേധം
അടിമാലി: ദേശീയപാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ വ്യാപക പ്രതിഷേധം. വിഷയത്തില്‍ സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറവരെ വനമേഖലയില്‍ പൊതുജനങ്ങള്‍ക്ക് മേല്‍ വനം വകുപ്പ് കരിനിയമങ്ങള്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നു എന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം വാഹനത്തില്‍ കരിക്ക് വില്‍പന നടത്തിയ മൂന്ന് പേരെ കേസില്‍പെടുത്തി റിമാന്‍ഡ് ചെയ്തതാണ് ഒടുവിലത്തെ സംഭവം.ഇവരുടെ വാഹനങ്ങള്‍ വനംവകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം വനമേഖലയില്‍ വരുന്ന ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും ആരും റോഡില്‍ നില്‍ക്കരുതെന്നും കാട്ടി വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അടുത്തനാളില്‍ ചിലയിടങ്ങളില്‍ വന്യമൃഗങ്ങളെ കണ്ടെന്ന പേരില്‍ വാഹന നിയന്ത്രണം കൊണ്ടുവന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ വിവാദ ബോര്‍ഡുകള്‍ മാറ്റി.
ഈ പ്രശ്‌നം കെട്ടടങ്ങി വരുന്നതിനിടെയാണ് ദേശീയപാതയില്‍ അനാവശ്യനിയന്ത്രണവുമായി വനം വകുപ്പ് രംഗത്ത് വന്നത്. ആദ്യം ചീയപ്പാറ വെള്ളച്ചാട്ടം ഉള്‍പ്പെടെ സ്ഥലങ്ങളില്‍നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചു.ഇത് കോടതി നടപടിയിലേക്ക് നീങ്ങി. വ്യാപാരികള്‍ക്ക് അനുകൂലമായ വിധിവന്നു. ഇതിനുശേഷം ചീയപ്പാറ ഒഴിവാക്കി ബാക്കി പ്രദേശത്ത് നിയന്ത്രണം കൊണ്ടുവന്നു. ഇത് വ്യാപാരികളും വനപാലകരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി.
ഇത്തരത്തിലുള്ള തര്‍ക്കമാണ് കഴിഞ്ഞ ദിവസവും മൂന്ന് പേരെ ജയിലില്‍ അടക്കുന്നതിലേക്ക് എത്തിയത്. കരിക്ക് വില്‍പനക്കാര്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം വനത്തില്‍ തള്ളിയെന്നാണ് കേസ്. ഇത് കെട്ടിച്ചമച്ചതാണെന്നും വനപാലകര്‍ കൊണ്ടുവന്ന് തള്ളിയശേഷം കേസ് എടുക്കുകയായിരുന്നെന്നും അറസ്റ്റിലായവര്‍ പറയുന്നു.രാജഭരണകാലത്ത് മൂന്നാര്‍ മുതല്‍ നേര്യമംഗലംവരെ 100 അടി വീതിയില്‍ സ്ഥലം റോഡിനായി വിട്ടുനല്‍കിയിരുന്നു.
എന്നാല്‍, രേഖയില്ലെന്ന് പറഞ്ഞ് ടാറിങ് റോഡിന് പുറമെയുള്ള സ്ഥലത്ത് ആര്‍ക്കും പ്രവേശനമില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. വാളറ മുതല്‍ മൂന്നാര്‍ വരെ പട്ടയവസ്തുവാണ്. ഈ ഭാഗത്ത് 100 അടി വീതിയിട്ടശേഷമാണ് പട്ടയവും നല്‍കിയത്. ദേശീയപാത അധികൃതരും ഈ വിഷയത്തില്‍ കാര്യമായ ഇടപെടുന്നില്ല.