വെളുത്തുള്ളിക്ക് വിലക്കുറവ് : കര്‍ഷകര്‍ ദുരിതത്തില്‍
മറയൂര്‍: ശീതകാല പച്ചക്കറി കേന്ദ്രമായ മറയൂര്‍ മലനിരകളിലെ കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ ഉത്‌പാദിപ്പിക്കുന്ന വെളുത്തുള്ളിക്ക് വിലക്കുറവ്.
വെളുത്തുള്ളിക്ക് കിലോയ്‌ക്ക് 200 മുതല്‍ 300 രൂപ വരെ ലഭിച്ചിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ വെറും 30 മുതല്‍ 50 രൂപ മാത്രമാണ് കിലോയ്‌ക്ക് ലഭിക്കുന്നത്. ഇത് മൂന്നുമാസം അധ്വാനിച്ച കൂലി പോലും ലഭിക്കുന്നില്ല. വര്‍ഷത്തില്‍ മൂന്ന് സീസണിലായാണ് വെളുത്തുള്ളി കൃഷി ചെയ്യുന്നത്.
മറ്റു സംസ്‌ഥാനങ്ങളില്‍ ചെയ്യുന്ന വെളുത്തുള്ളിക്കൃഷിയില്‍നിന്നും പ്രദേശത്ത് ചെയ്യുന്ന വെളുത്തുള്ളിക്ക് ഓയില്‍ എസന്‍സ് കൂടിയതും ഔഷധ ഗുണമുള്ളതുമാണ്. ഇതിനാല്‍ മാര്‍ക്കറ്റില്‍ പ്രത്യേക വിലയും ലഭിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്ബ് ഒരു കിലോ വെളുത്തുള്ളിക്ക് 300 രൂപ വരെ ലഭിച്ചിരുന്നു. ഇത്തരം ഉയര്‍ന്ന വില ലഭിച്ചിരുന്ന സാഹചര്യത്തില്‍ ഇപ്പോഴത് 30 രൂപയില്‍ എത്തിയതാണ് കര്‍ഷകര്‍ക്ക് ദുരിതമായത്.ഓണ സീസണില്‍ നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വെളുത്തുള്ളിക്കൃഷി കര്‍ഷകര്‍ കൂടുതല്‍ ചെയ്‌തിരുന്നത്. മറ്റു സംസ്‌ഥാനങ്ങളിലും വെളുത്തുള്ളിക്കൃഷി വ്യാപകമായി ചെയ്‌തിരിക്കുന്നതിനാല്‍ ഉത്‌പാദനത്തില്‍ വന്ന വര്‍ധനയാണ് വില കുറയാന്‍ കാരണമെന്നും പറയപ്പെടുന്നു. കര്‍ഷകനെ സംബന്ധിച്ച് കിലോയ്‌ക്ക് 150ല്‍ കൂടുതല്‍ വില ലഭിച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. നിലവില്‍ വെളുത്തുള്ളിക്ക് വില ലഭിക്കാത്തതിനാല്‍ വിളവെടുക്കാതെ പാടത്ത് ചീഞ്ഞു നശിക്കുകയാണ്.