ഭൂനിയമങ്ങള്‍ വിലങ്ങുതടി സൃഷ്‌ടിക്കുന്നതുമൂലം കഞ്ഞിക്കുഴി പഞ്ചായത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ കഴിയുന്നില്ലെന്ന് പരാതി
ചെറുതോണി: ഭൂനിയമങ്ങള്‍ വിലങ്ങുതടി സൃഷ്‌ടിക്കുന്നതുമൂലം കഞ്ഞിക്കുഴി പഞ്ചായത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ കഴിയുന്നില്ലെന്ന് പരാതി.
പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി പട്ടയ നടപടികള്‍ പുരോഗമിച്ചു വരുമ്ബോഴും ഇടക്കാലത്ത് പലവിധത്തിലുള്ള തടസങ്ങളുമുണ്ടായി. നിയമാനുസൃതമുള്ള പട്ടയം ഒരു ഭാഗത്ത് വിതരണം ചെയ്‌തപ്പോള്‍ ചിലയിടങ്ങളില്‍ വ്യാജരേഖകള്‍ ചമച്ച് ചിലര്‍ പട്ടയങ്ങള്‍ നേടിയെടുത്ത സംഭവങ്ങളുമുണ്ടായി, ഇതേ തുടര്‍ന്ന് ചില ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ഉണ്ടായതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പട്ടയ നടപടി പൂര്‍ണമായി നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതു മൂലം ഇപ്പോള്‍ പലയിടത്തും വ്യാപാരികളും വെട്ടിലായിരിക്കുകയാണ്. വ്യാപാരസ്‌ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനും കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും പഞ്ചായത്ത് അനുമതി നല്‍കാത്തതാണ് പ്രധാന പ്രശ്‌നം. കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനോ സ്വന്തം കെട്ടിടങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യണമെങ്കിലോ ഉടമയ്‌ക്ക് കഴിയാത്ത സ്‌ഥിതിയാണന്ന് വ്യാപാരികളും പറയുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി പട്ടയമുള്ള ഭൂമിയില്‍ പോലും കെട്ടിടം നിര്‍മിക്കുന്നതിനായി പഞ്ചായത്തില്‍ നിന്നുള്ള പെര്‍മിറ്റ് നല്‍കുന്നില്ല. കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില ഉദ്യോഗസ്‌ഥരെ ഇരകളാക്കിക്കൊണ്ട് പുറമേ നിന്നുള്ള ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് വിഷയം സങ്കീര്‍ണമാക്കിയതെന്നും ആരോപണമുണ്ട്. ഭൂപ്രശ്‌നങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ മെല്ലെ പോക്ക് നയം ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് കെട്ടിട നിര്‍മാണ ചട്ടത്തിലെ നൂലാമാലകള്‍ പരിഹരിക്കണമെന്ന് കഞ്ഞിക്കുഴി വെണ്‍മണി മേഖലയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു.