ഗാന്ധി കുടുംബത്തിന് ഇഡി നോട്ടീസ്; കേരളത്തില്‍ തിങ്കളാഴ്ച ഇഡി ഓഫീസ് മാര്‍ച്ച്
കൊച്ചി: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിങ്കളാഴ്ച കേരളത്തിലെ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസ് ഫയൽ ചെയ്ത് കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും നിരന്തരം അപകീർത്തിപ്പെടുത്താനുള്ള മോദി സർക്കാരിന്റെ നീക്കമാണ് നോട്ടീസിന് പിന്നിലെന്ന് ആരോപിച്ചാണ് മാർച്ചും സത്യാഗ്രഹവും നടത്തുന്നത്.
എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരമാണ് എറണാകുളം, കോഴിക്കോട് ഡയറക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തുന്നത്. എറണാകുളത്തെ ഇ.ഡി ഓഫീസിലേക്കുള്ള മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോഴിക്കോട് ഇ.ഡി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരും കെപിസിസി, ഡിസിസി നേതാക്കളും എറണാകുളത്തും, പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ നിന്നുള്ള നേതാക്കൾ കോഴിക്കോടും ഇഡി ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൽ പങ്കെടുക്കും.