സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് മുന്നറിയിപ്പ്


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
കേരള തീരത്ത് മത്സ്യബന്ധനത്തിനു ഇന്ന് നിരോധനമില്ല. അതേസമയം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 11 മുതൽ 13 വരെയും, 15നും മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്. കേരള തീരത്ത് 15നാണ് വിലക്ക്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
15ന് തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം, മാന്നാർ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.എന്നാൽ കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനം കുറവുണ്ട്. കാസർകോട്, പാലക്കാട് ജില്ലകളിൽ 85 ശതമാനം മഴ കുറവാണ്. 182.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതിൽ 71.5 മില്ലീമീറ്റർ മാത്രമാണ് ലഭിച്ചത്.