ദേവനന്ദയുടെ മരണകാരണം ഷിഗെല്ല സോണി ബാക്ടീരിയ: പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്…


കാസർകോട് ∙ ഭക്ഷ്യ വിഷബാധയെ തുടർന്നു ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയ ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണെന്നു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോൾ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവർക്കും സമാനമായ രോഗലക്ഷണങ്ങളായതിനാൽ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തൽ. ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂർ എവി സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു ശേഷം സംസ്കരിച്ചു.
ദേവനന്ദ മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോർട്ട് നൽകും. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാൻ ആലോചനയുണ്ട്. ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52 ആണ്.