പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകന് 8 വർഷം തടവും 50000 രൂപ പിഴയും ചുമത്തി
കട്ടപ്പന: സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ അധ്യാപകന് 8 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി.
ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലെ അധ്യാപകനായിരുന്ന അയ്യപ്പൻകോവിൽ തെരുവേൽ വിൽസൺ തോമസിനെ(57) യാണ് പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.2015ൽ നടന്ന കേസിലാണ് 7 വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചത്. ആറ് പെൺകുട്ടികളുടെ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് വിസ്താരവേളയിൽ 5 പേർ മൊഴിമാറ്റിയെങ്കിലും പരാതിയിൽ ഉറച്ചുനിന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു.ഐപിസി വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും, പോക്‌സോ നിയമം അനുസരിച്ച് ആറു വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ.രണ്ട് വകുപ്പുകളിലായി എട്ടു വർഷം തടവ് ശിക്ഷ ഉണ്ടെങ്കിലും ആറു വർഷം തടവ് അനുഭവിച്ചാൽ മതി.കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത ജോൺ കോടതിയിൽ ഹാജരായി.