ഡിലീറ്റ് ഫോര്‍ എവരിവണ്‍: വാട്‌സാപ്പിലെ ‘കൈവിട്ട മെസേജുകൾ’ നീക്കാനുള്ള സമയം നീട്ടിയേക്കും
ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ മാറ്റാനുള്ള ശ്രമത്തിലാണ് വാട്‌സാപ്. വാട്‌സാപ്പില്‍ ഒരാള്‍ പോസ്റ്റു ചെയ്യുന്ന സന്ദേശം അയാള്‍ക്ക് ഡിലീറ്റു ചെയ്യാന്‍ ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇനി മൂന്നു മാസത്തിനുള്ളില്‍ വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്. ഒരുപക്ഷേ എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരം ഒരുങ്ങിയേക്കാമെന്നും പറയുന്നു.
കൂടാതെ, വാട്സാപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് ആപ്പിന്റെ വെബ് പതിപ്പിനും മൊബൈൽ പതിപ്പിനും ഈ പുതിയ ഫീച്ചർ ലഭിക്കും. അതേസമയം, മൊബൈൽ ആപ്ലിക്കേഷനായാണ് രണ്ട് ഫീച്ചറുകൾ അവതരിപ്പിച്ചത്. വാട്സാപ് ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് വെബിലും മൊബൈലിലും എഡിറ്റ് ചെയ്യാൻ കഴിയും. കൂടാതെ, ഉപയോക്താക്കൾ സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് സ്റ്റിക്കർ നിർദേശങ്ങൾ നൽകുന്ന ഒരു പുതിയ ഫീച്ചറിലും വാട്സാപ് പ്രവർത്തിക്കുന്നുണ്ട്.
വാട്സാപ് ഡെസ്‌ക്‌ടോപ്പ് ഫോട്ടോ എഡിറ്ററിലും പ്രവർത്തിക്കുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനിൽ ചിത്രങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് എഡിറ്റുചെയ്യാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ചിത്രങ്ങളിൽ സ്റ്റിക്കറുകൾ ചേർക്കാനും കഴിയും. ആപ്പിന്റെ മൊബൈൽ പതിപ്പിൽ മാത്രം ഫീച്ചർ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഇപ്പോൾ വാട്സാപ് വെബ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഉപയോഗിക്കാം.