കൊടും മഴ പ്രവചനത്തിൽ അമ്പേ പരാജയം; റെഡ് അലര്‍ട്ട് വന്നത് ദുരന്തം കഴിഞ്ഞ്.
പതിനാറാം തീയതി കൊടുംമഴ പെയ്തിറങ്ങുമ്പോള്‍മാത്രമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദം കേരളതീരത്തേക്ക് നീങ്ങുന്നതിന്‍റെ ഗുരുതര സ്ഥിതി വിലയരുത്തുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും കാലാവസ്ഥാവകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പരാജയപ്പെട്ടു. ന്യൂനമര്‍ദം തീവ്രമാകുമെന്ന് പതിനാലാം തീയതി തന്നെ കാലാവസ്ഥാ വിദഗ്ധര്‍ക്ക് അറിയാമായിരുന്നു.
ശനിയാഴ്ച കേരളത്തെ പേടിപ്പെടുത്തി മഴപെയ്തുകൊണ്ടിരിക്കുമ്പോള്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പാണിത്. സമയം രാവിലെ പത്തുമണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടജില്ലകളില്‍മാത്രം ഒാറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. കോട്ടയവും ഇടുക്കിയും ദുരന്തം നേരിടുകയാണെന്നുപോലും വിദഗ്ധര്‍ തിരിച്ചറിഞ്ഞില്ല. പതിനഞ്ചാം തീയതി രാത്രി മുതല്‍ തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും മഴ ശക്തമായിരുന്നു. മലയോരമേഖലകളിലാകട്ടെ തീവ്രവും. ഇത് ശ്രദ്ധിക്കേണ്ട കാലാവസ്ഥാവകുപ്പ് അക്കാര്യം സമയത്തിന് കണ്ടില്ല. പതിനാറ് രാവിലെ കേരളത്തിന്‍റ ചിലഭാഗങ്ങള്‍ദുരന്തമുഖത്തായി. അപ്പോഴും കാലാവസ്ഥാ വകുപ്പ് പഴയപടി . രാവിലെ പത്തുമണിക്കും അനങ്ങാതിരുന്ന കാലാവസ്ഥാ വകുപ്പ് അല്‍പ്പം കഴിഞ്ഞപ്പോൾ പതിനൊന്നു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെലോ അലര്‍ട്ടുമായി മുന്നറിയിപ്പൊന്നു കടുപ്പിച്ചു.
തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയത്. വയനട്ടിലും കണ്ണൂരും യെല്ലോ അലര്‍ട്ടും നിലവില്‍വന്നു. അപ്പോഴേക്കും സംസ്ഥാനത്ത് അതിഗുരുതരമായ മഴയും മണ്ണിടിച്ചിലുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. ഒന്നേകാല്‍മണിയോടെ പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും തൃശൂരിലും റെഡ്് അലര്‍ട്ട് പ്രഖ്യാപിച്ചു. അപ്പോഴേക്ക് വളരെ വൈകി. അറബിക്കടലില്‍രൂപമെടുത്ത ചത്രവാതച്ചുഴി ന്യൂനമര്‍ദമായി എന്നും അത് കേരളതീരത്തേക്ക് അടുക്കുമെന്നും പതിനാലാം തീയതിയെങ്കിലും കാലാവസ്ഥാ വിദഗ്ധര്‍ക്ക് അറിയാമായിരുന്നു. എന്തുകൊണ്ട് ഇക്കാര്യം അതീവപ്രാധാന്യത്തോടെ സര്‍ക്കാരിനെയും ജനങ്ങളെയും അറിയിച്ചില്ല എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. സ്വന്തം നിലക്ക് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിലുള്ള പരിമിതി മറയാക്കി ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാവകുപ്പിന് പിറകെ പോയി.