പൊതുമരാമത്ത് റെസ്റ്റ്ഹൗസുകൾ ഇനി പൊതുജനങ്ങൾക്കും; ബുക്കിങ് കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലേക്ക്
രാജകുമാരി∙ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാത്രം വിശ്രമകേന്ദ്രമായിരുന്ന പൊതുമരാമത്ത് റെസ്റ്റ്ഹൗസുകൾ പൊതു അതിഥിമന്ദിരങ്ങളാക്കുന്നതിനു നടപടി തുടങ്ങി. ഗവ. റെസ്റ്റ്ഹൗസുകളെ കൂടുതൽ ജനകീയമാക്കി വരുമാനം വർധിപ്പിക്കുന്നതിനുള്ള പൊതുമരാമത്ത് – ടൂറിസം വകുപ്പുകളുടെ സംയുക്ത പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 31 റെസ്റ്റ്ഹൗസുകളാണു നവീകരിക്കുക. ജില്ലയിൽ ഇടുക്കി, മൂന്നാർ, തൊടുപുഴ എന്നിവിടങ്ങളിലെ റെസ്റ്റ്ഹൗസുകളാണ് ഇടം നേടിയത്.
ഇവയ്ക്കു പുറമേ ജില്ലയിൽ ഏലപ്പാറ, കട്ടപ്പന, കുമളി, നെടുങ്കണ്ടം, ശാന്തൻപാറ, കുട്ടിക്കാനം എന്നിവിടങ്ങളിലാണു പൊതുമരാമത്ത് റെസ്റ്റ്ഹൗസുകളുള്ളത്. കുട്ടിക്കാനം, തേക്കടി എന്നിവിടങ്ങളിലായി 2 ഇൻസ്പെക്‌ഷൻ ബംഗ്ലാവുകളുമുണ്ട്. മികച്ച ഹോട്ടലുകളോടു കിടപിടിക്കുന്ന തരത്തിൽ നവീകരണം നടത്തും. ബുക്കിങ് കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലേക്കു മാറും.
നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു സുരക്ഷ ഉറപ്പാക്കും. പൊതുനിറവും രൂപഘടനയും ജീവനക്കാർക്കു യൂണിഫോം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. നഗരങ്ങളിലെ റെസ്റ്റ്ഹൗസുകളിൽ പരീക്ഷകൾക്കും പഠനാവശ്യങ്ങൾക്കുമായി എത്തുന്നവർക്കു കുറഞ്ഞ നിരക്കിൽ മുറി നൽകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്കാണു മുൻഗണന.
ദേശീയപാതയോരത്തെ റെസ്റ്റ് ഹൗസുകളിൽ വഴി യാത്രക്കാർക്കു വിശ്രമമുറി, ശുചിമുറി, മുലയൂട്ടൽ കേന്ദ്രം എന്നീ സൗകര്യങ്ങൾ ഒരുക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ഒരു മന്ത്രിക്കു കീഴിലായതോടെയാണ് റെസ്റ്റ് ഹൗസുകളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ നടപടിയുണ്ടായത്. നേരത്തേ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊതുജനങ്ങളിൽനിന്ന് ഇതു സംബന്ധിച്ച ആശയങ്ങൾ തേടിയിരുന്നു.