ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്; ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്
തൊടുപുഴ∙ ടൂറിസം മേഖലയിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ അവധി ദിനങ്ങളിൽ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ജില്ലയുടെ അതിർത്തി കടക്കുന്നത്. സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ ടൂറിസം കേന്ദ്രങ്ങളിലെ വഴിയോരക്കച്ചവടങ്ങളെല്ലാം പുനരാരംഭിച്ചു.
പൂജയുടെ അവധി ദിനങ്ങളിൽ പ്രധാന ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്ങാണു നടക്കുന്നത്. താരതമ്യേന തിരക്കു കുറവായ രാമക്കൽമേട്ടിലും ചിന്നക്കനാലിലുമെല്ലാം താമസ സ്ഥലത്തിനായി അന്വേഷങ്ങളെത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുള്ളതിനാൽ കുട്ടികളടക്കമുള്ള വൻ സംഘങ്ങളാണെത്തുന്നത്.
മൂന്നാർ
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണു മൂന്നാർ. കഴിഞ്ഞ ശനിയും ഞായറും ആയി പതിനായിരത്തിലധികം ആളുകളാണ് മൂന്നാറിലേക്ക് എത്തിയത്. പൂജാ അവധി ദിനങ്ങൾ കൂടി എത്തുന്നതോടെ വൻ തിരക്കാണു മൂന്നാറിൽ പ്രതീക്ഷിക്കുന്നത്. വ്യാഴവും വെള്ളിയുമാണ് പൂജാ അവധി ദിനങ്ങളെങ്കിലും ഞായർ വരെ ഇവിടത്തെ മിക്ക ഹോട്ടലുകളിലും ബുക്കിങ് തീരാറായി. തമിഴ്നാട്ടിൽ നിന്നുള്ള സന്ദർശകരും മൂന്നാറിലേക്ക് എത്തുന്നുണ്ട്. വഴിയോര കച്ചവടക്കാരും മൂന്നാറിൽ സജീവമായിട്ടുണ്ട്.
ദേവികുളം ഗ്യാപ് റോഡ് ഗതാഗതത്തിന് തുറന്നതും മൂന്നാറിൽ കോവിഡ് നിയന്ത്രണ വിധേയമാണെന്നതും സന്ദർശക തിരക്ക് വർധിക്കാൻ കാരണമാണ്. വാരാന്ത്യ ദിനങ്ങളിലാണ് തിരക്ക് കൂടുതൽ. മാട്ടുപ്പെട്ടിയും ഇരവികുളവുമെല്ലാം സന്ദർശക തിരക്കിന്റെ കാര്യത്തിൽ പഴയനിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. വാരാന്ത്യ ദിവസങ്ങളിൽ വാഹനക്കുരുക്കും പതിവായിട്ടുണ്ട്. ഹോട്ടൽ റൂമുകൾക്കു ബുക്കിങ് വർധിച്ചതോടെ ടൂറിസ്റ്റ് സീസണിലെ നിരക്കുകളാണ് ഈടാക്കുന്നത്. മുൻകൂർ ബുക്ക് ചെയ്യാതെ എത്തിയാൽ മൂന്നാറിൽ മുറികൾ ലഭിക്കാൻ സാധ്യത കുറവാണ്.
തേക്കടി
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തേക്കടിയിൽ സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷിക്കുന്നത്. മുഖ്യ ആകർഷണമായ ബോട്ടിങ്ങിനും 50 ശതമാനം ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളതിനാൽ ഇതും സഞ്ചാരികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. മലയാളികൾക്ക് പുറമേ തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും പ്രതീക്ഷിക്കുന്നുണ്ട്. 14 മുതൽ വനം വകുപ്പിന്റെ വിവിധ ട്രക്കിങ് ഉൾപ്പെടെ മിക്ക വിനോദ പരിപാടികൾക്കും മുൻകൂട്ടി ബുക്കിങ് നടന്നു കഴിഞ്ഞു. തേക്കടിയുടെ സമീപത്തുള്ള അരുവിക്കുഴിയിലും സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട്.
മറയൂർ, കാന്തല്ലൂർ
മറയൂരിലെ ശർക്കര നിർമാണം, മുനിയറകൾ, ചന്ദനക്കാട്, ചിൽഡ്രൻസ് പാർക്ക്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, ചിന്നാർ വന്യജീവി സങ്കേതം, തൂവാനം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ആപ്പിൾ തോട്ടം, മറ്റു പഴം – പച്ചക്കറി തോട്ടങ്ങൾ, ആനക്കോട്ട പാർക്ക്, കീഴാന്തൂരിലെ കച്ചാരം വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്കായിരുന്നു. ശർക്കരയ്ക്കും മറയൂരിലെ പഴങ്ങൾക്കും ഡിമാൻഡ് വർധിക്കും. പ്രദേശത്തെ എല്ലാ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും ബുക്കിങ് സജീവമാണ്.
വാഗമൺ
വാഗമൺ മൊട്ടക്കുന്ന്, കോലാഹലമേട് പൈൻ വാലി, ആത്മഹത്യാ മുനമ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ, കുട്ടിക്കാനം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഇവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ സന്ദർശകരെത്തി. പൂജാ അവധി ദിവസങ്ങളിൽ കൂടുതൽ പേർ വാഗമണ്ണിലേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വാഗമണ്ണിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഒട്ടേറെ ബുക്കിങ്ങുകളുണ്ട്.