മൂന്നാറിൽ റെക്കോർഡ് മഴ; കാറ്റിൽ വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; കൃഷിയും നശിച്ചു
കാലവർഷം തുടങ്ങിയതിന് ശേഷം മൂന്നാറിൽ ഈ സീസണിലെ റെക്കോർഡ് മഴ ഇന്നലെ രേഖപ്പെടുത്തി. രാവിലെ വരെയുള്ള 24 മണിക്കൂറിൽ 10.1 സെന്റിമീറ്റർ മഴയാണ് പെയ്തത്. ഞായറാഴ്ച 9.68 സെന്റിമീറ്റർ രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ച 3.2 മാത്രമായിരുന്നു മഴ അളവ്. കനത്ത മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നാർ ഗവ.കോളജിന്റെ മുൻഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കെട്ടിടങ്ങൾ കൂടുതൽ അപകടാവസ്ഥയിലായി. പഴയമൂന്നാറിൽ ദേശീയപാതയോരത്ത് സിഎസ്ഐ പള്ളിപ്പരിസരത്തെ മതിൽ തകർന്നു വീണു.
വീടുകൾ ഭാഗികമായി തകർന്നു
മേരികുളം പരപ്പ് മേഖലയിൽ 2 വീടുകൾ ഭാഗികമായി നശിച്ചു. പാലം ജംക്‌ഷനിൽ കിഴക്കേ അറയ്ക്കൽ രാജേഷ് രാജൻ, പാതിരിയിൽ ഉഷ വർഗീസ് എന്നിവരുടെ വീടുകൾക്കാണു നാശം സംഭവിച്ചത്.
വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകൾ പറന്നുപോവുകയായിരുന്നു. ഷീറ്റിന്റെ കുറച്ചുഭാഗം മുറിയിലേക്ക് വീണെങ്കിലും വീടിനുള്ളിൽ ഉണ്ടായിരുന്ന രാജേഷിന്റെ ഭാര്യ അമ്പിളി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വീട്ടുപകരണങ്ങളും നശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
നഷ്ടപരിഹാരം നൽകണം
വീട്, കൃഷി എന്നിവ നഷ്ടപ്പെട്ടവർക്ക് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ എന്നിവർ ആവശ്യപ്പെട്ടു.
മഴ, കാറ്റ്: ജാഗ്രത പുലർത്തണം
(സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ)
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാവണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം
ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
ദുരന്ത സാധ്യതാ മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണം.
നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല.
മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾ നടത്തണം. ആവശ്യമെങ്കിൽ മാറിത്താമസിക്കണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം