ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; ഒന്നാംപ്രതി നിനോ മാത്യൂവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
ആറ്റിങ്ങൽ ഇരട്ട കൊലപാത കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വധശിക്ഷ വിധി റദ്ദാക്കിയത്. വധ ശിക്ഷയ്ക്ക് പകരം പരോളില്ലാത്ത 25 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. അതെ സമയം രണ്ടാംപ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. അനുശാന്തിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. അനുശാന്തിയുടെ 4 വയസുകാരി മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്.
ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരിക്കേറ്റിരുന്നു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.