ശക്തമായ വേനലിൽ ഏലച്ചെടികൾ നശിച്ചെങ്കിലും മഴ എത്തിയത്തോടെ കർഷകർ വീണ്ടുംകാർഷിക മേഖലയിൽ സജീവമായി
വിലയിടിവും തൊഴിലാളി ക്ഷാമവും മൂലം ഏലം കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക് നിങ്ങുന്നതിനിടെയാണ്കൃഷിക്ക് നാശംവിതച്ച് വേനൽച്ചൂടും കീടബാധയും എത്തിയത്.
2019ൽ കിലോക്ക് 7500 രൂപവരെയുണ്ടായിരുന്ന ഏലക്കാക്ക് ഇപ്പോൾ ശരാശരി 1500 രൂപയാണ് വില.
കൈവിലയ്ക്ക് ഏലക്കായ എടുക്കുന്ന കച്ചവടക്കാർ കർഷകർക്ക് നൽകുന്നത് 1000 രൂപയിൽ താഴെയാണ്.
പുറ്റടി സ്‌പൈസസ് പാർക്കിൽ കഴിഞ്ഞദിവസം നടന്ന ലേലത്തിൽ വിൽപനക്കായി പതിച്ച 98610 കിലോ ഏലക്ക മുഴുവനായും വിറ്റുപോയപ്പോൾ കൂടിയ വില 2053 രൂപയും ശരാശരി വില 1487.27 രൂപയും കുറഞ്ഞത് 906 രൂപയും ആയിരുന്നു.
കിലോക്ക് 2000 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ആദായകരമാകൂ. തൊഴിലാളിക്ഷാമമാണ് കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി. യഥാസമയം വളവും കിടനാശിനികളും നൽകിയില്ലെങ്കിൽ ഏലച്ചെടികൾ നശിക്കും.
വിളവെടുപ്പ് വൈകിയാൽ കായ് കൊഴിഞ്ഞ് കനത്ത നഷ്ടമുണ്ടാകും.
മുമ്പ് തമിഴ്നാട്ടിൽനിന്ന് ധാരാളം തൊഴിലാളികൾ കേരളത്തിലെ ഏലത്തോട്ടങ്ങളിൽ എത്തിയിരുന്നു.
ഇന്ന് അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ഒരിക്കൽ കൃഷിനശിച്ചാൽ ആവർത്തനകൃഷി നടത്തി വിളവെടുപ്പിന് പാകമാകാൻ കുറഞ്ഞത് രണ്ടുവർഷം കഴിയണം.
വേനൽമഴ യഥാസമയം ലഭിക്കാതെ വന്നതോടെ ചൂടിൻെറ ആധിക്യംമൂലം ചെടികൾ കരിഞ്ഞുണങ്ങിയിരുന്നു.
ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിലെ ഭൂരിഭാഗം ചെടികളും നശിച്ചു.
ഉൽപാദനക്കുറവും വേനലും മൂലം വിപണിയിൽ ഏലത്തിന് നല്ല ഡിമാൻഡ് ഉണ്ടായിട്ടും വില ഒരുപരിധിയിൽ കൂടാതെ നിൽക്കുന്നത് ലേല ഏജൻസികളുടെ റീ പൂളിങ്ങും കച്ചവടക്കാരുടെ കുതന്ത്രങ്ങളും മൂലമാണ്.
ഏലത്തിന് കിലോഗ്രാമിന് 2000 രൂപയിൽ കുടുതൽ വില ലഭിക്കേണ്ട സമയമാണിത്.
കാലാവസ്ഥ മാറ്റവും തെറ്റായ മരുന്നുപ്രയോഗങ്ങളും മൂലം ഏലത്തോട്ടങ്ങളിൽ കീടബാധ വ്യാപകമാണ്. വേരുപുഴു, നിമാവിര, മീലിമൂട്ട തുടങ്ങിയവയുടെ ആക്രമണമാണ് പ്രധാന വെല്ലുവിളി. വേരുപുഴുവിൻെറ ആക്രമണംമൂലം മഞ്ഞളിപ്പ് ബാധിച്ച് ഇലകൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയുണ്ട്. വേരുപുഴുക്കൾ ചെടിയുടെ വേര് നശിപ്പിക്കുന്നതിനാൽ ഉൽപാദനം ഗണ്യമായി കുറയും.
ഒരുചെടിയിൽ കീടബാധയുണ്ടായാൽ മറ്റ് ചെടികളിലേക്കും വേഗത്തിൽ വ്യാപിക്കും. മേയ്-ജൂൺ, സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളാണ് ഇപ്പോൾ പലയിടങ്ങളിലും കാണപ്പെടുന്നത്.
വരും സീസണിൽ ഏലക്കായുടെ വില വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.
മഴ എത്തിയതോടെ കർഷകർ വീണ്ടും സജിവമായിരിക്കുകയാണ്.
ശേഷിക്കുന്ന ചെടികളുടെ കവാത്ത് ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
കൂടാതെ കൃഷി വിദഗ്ദ്ധരെ തോട്ടങ്ങളിൽ എത്തിച്ച് ചെടികൾക്ക് അവശ്യമുള്ള വളങ്ങൾ നൽകുന്നതിലും കർഷകർ ശ്രദ്ധിക്കുന്നുണ്ട്.