കളക്ഷനില്‍ റെക്കോർഡ് നേട്ടവുമായി കെഎസ്‌ആർടിസി


ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യം മുൻനിർത്തി സഞ്ചരിക്കുന്നതിനിടെ കളക്ഷനില്‍ റെക്കോർഡ് നേട്ടവുമായി കെഎസ്‌ആർടിസി.ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയത് ഈ വർഷം ഏപ്രില്‍ 15നാണ്. ഈ ഒറ്റ ദിവസത്തെ കെഎസ്‌ആർടിസിയുടെ വരുമാനം 8.57 കോടി രൂപയാണ്. ഇതിന് മുൻപ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്‌ആർടിസി വ്യക്തമാക്കി.4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്‌ആർടിസി വ് വ്യക്തമാക്കി. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം നേടാൻ സാധിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശം അനുസരിച്ച് ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവ്വീസുകള്‍ പുനക്രമീകരിച്ചിരുന്നു.
ഒറ്റപ്പെട്ട സർവീസുകള്‍, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കണ്‍സഷൻ റൂട്ടുകള്‍ എന്നിവ കൂടാതെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് വേണ്ടെന്ന് വെച്ചത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും അഡീഷണല്‍ സർവീസുകള്‍ ഏർപ്പെടുത്തിയതാണ് ചെലവ് വർദ്ധിക്കാതെ കെഎസ്‌ആർടിസി നേട്ടം ഉണ്ടാക്കിയത്.