രാജ്യത്ത് മത്സ്യവിഭവങ്ങൾ കഴിക്കുന്നവരുടെ എണ്ണം കൂടുന്നു; കേരളം രണ്ടാം സ്ഥാനത്ത്


ഇന്ത്യയിൽ മത്സ്യ ഉപഭോഗം വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്. വേൾഡ് ഫിഷ് ഇന്ത്യയുടെ പഠനമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. മത്സ്യ ഉപഭോഗത്തിൽ മുന്നിൽ ത്രിപുരയാണെങ്കിലും കേരളീയരാണ് ദൈനംദിന മത്സ്യ ഉപഭോഗത്തിൽ മുന്നിൽ. മലയാളികളിൽ 53.5 ശതമാനം പേരും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. പ്രതിവർഷം ഒരു മലയാളി കഴിക്കുന്നത് ശരാശരി 20 കിലോയിലധികം മത്സ്യം.
2005-06 ൽ 66 ശതമാനം പേരാണ് മത്സ്യഭുക്കുകളെങ്കിൽ 2019-21 വർഷത്തിൽ ഇത് 72.1 ശതമാനമായി വളർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യപ്രിയർ ത്രിപുരക്കാരാണ്. സംസ്ഥാനത്തെ 99.35 ശതമാനം പേരും മത്സ്യം കഴിക്കുന്നവരാണ്. മത്സ്യപ്രിയത്തിൽ മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ത്രിപുരയ്ക്ക് പിന്നിൽ.
മലയാളികളാണ് ദൈനംദിന മത്സ്യഉപഭോഗത്തിൽ മുന്നിൽ. 53.5 ശതമാനം പേരും എല്ലാ ദിവസവും മത്സ്യം കഴിക്കുന്നവരാണ്. ഒരാൾ പ്രതിവർഷം 20.65 കിലോഗ്രാം മത്സ്യം കഴിക്കുന്നുവെന്നാണ് ദേശീയ ഫിഷറീസ് വകുപ്പിന്റെ പഠനം പറയുന്നത്. അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് മലയാളികൾ കൂടുതലായി കഴിക്കുന്നത്.
രാജ്യത്ത് പുരുഷന്മാരാണ് മത്സ്യപ്രിയത്തിൽ മുന്നിൽ 78.6 ശതമാനം. ഇന്ത്യയിൽ മത്സ്യ ഉപഭോഗം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഹരിയാനയാണ്. 20.6 ശതമാനം മത്സ്യഭുക്കുകൾ മാത്രമാണ് ഇവിടെ ഉള്ളത്. പഞ്ചാബും രാജസ്ഥാനുമാണ് മത്സ്യഉപഭോഗം കുറഞ്ഞ മറ്റ് രണ്ട് സംസ്ഥാനങ്ങൾ.