ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനു നേരേയുണ്ടായത് ഭീകരാക്രമണം: സ്ഥിരീകരിച്ച് സിഡ്‌നി പോലീസ്


ഓസ്ട്രേലിയയിൽ പ്രമുഖ വചന പ്രഘോഷകനായ ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരേയുണ്ടായ കത്തിയാക്രമണം ഭീകരാക്രമണമെന്ന് സിഡ്‌നി പോലീസ്. ആക്രമണത്തിനു പിന്നിൽ മത തീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് അറിയിച്ചു. മതതീവ്രവാദമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കുറ്റവാളിയുടെ പേരോ മതമോ ഏതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഇസ്ലാമിക മത മുദ്രാവാക്യം മുഴക്കിയാണ് കൗമാരക്കാരൻ ആക്രമണം നടത്തിയതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാനായ മാർ മാരി ഇമ്മാനുവേല്‍ ഇസ്ലാമിലെ മത തീവ്രവാദത്തെ ശക്തമായി അപലപിച്ചു നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. അതേസമയം അറസ്റ്റിലായ കൗമാരക്കാരൻ പോലീസിൻ്റെ തീവ്രവാദ പട്ടികയിൽ പ്പെടുന്നയാളല്ലെന്നും വെബ് പറഞ്ഞു. സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈ സേഷനും ഫെഡറൽ പോലീസും തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്സും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.തിങ്കളാഴ്‌ച വൈകുന്നേരം ഏഴിനു സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. ബിഷപ്പ് വചനപ്രഘോഷണം നടത്തികൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. വിശ്വാസികള്‍ ഉടനെത്തി അക്രമിയെ കീഴ്പ്പെടുത്തിയ സമയോചിത ഇടപെടല്‍ നടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബിഷപ്പിനെ കൂടാതെ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല