ചപ്പാത്തില്‍ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി
ചപ്പാത്ത് ടൗണില്‍ ജില്ലാ പഞ്ചായത്തിന്‍റെ ഷോപ്പിംഗ് കോംപ്ലക്സ് കം ഓഡിറ്റോറിയം ഉടൻ പൂർത്തിയാകും. 2013ല്‍ 80 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ നിർമാണം മൂന്നാമത്തെ ഭരണ സമിതിയാണ് പൂർത്തിയാക്കുന്നത്.എസ്റ്റിമേറ്റിലെ പിഴവും, നിർമാണപ്രവൃത്തികളില്‍ ഉണ്ടായ വീഴ്ചയും മൂലം 1.4 കോടി രൂപയാണ് നിർമാണം പൂർത്തിയാക്കാൻ ഇതിനോടകം ചെലവഴിച്ചത്.
ഉപ്പുതറ പഞ്ചായത്തു പരിധിയില്‍ കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയോടു ചേർന്ന് ധർമശാസ്താ ക്ഷേത്രത്തിനു സമീപമാണ് ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തിയാക്കിയിരിക്കുന്നത്. അതിനിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ആനിമല്‍ ബർത്ത് കംട്രോള്‍ കേന്ദ്രമാക്കാനുള്ള (എബിസി കേന്ദ്രം ) തീരുമാനവും വലിയ തർക്കത്തിനു കാരണമായി.
ജനപ്രതിനിധികളുടെയും നാട്ടുകാരുടേയും ശക്തമായ എതിർപ്പിനെത്തുടർന്ന് എബിസി കേന്ദ്രമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു, തുടർന്ന് ഉപ്പുതറ പഞ്ചായത്ത് ഭൂമി ജില്ലാ പഞ്ചായത്തിന് കൈമാറി ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കവും പരിഹരിച്ചു.
തുടർന്ന് അവശേഷിക്കുന്ന പണികള്‍ പൂർത്തിയാക്കാൻ 20 ലക്ഷം രൂപ കൂടി അനുവദിക്കുകയായിരുന്നു. മാർച്ച് 30 ന് മുൻപ് ഷോപ്പിങ് കോംപ്ലക്സ് തുറന്നു കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കൂടിയായ വൈസ് പ്രസിഡന്‍റ് ആശാ ആന്‍റണി അറിയിച്ചു.