മലങ്കര ജലാശയത്തിന്‍റെ ദൃശ്യവിരുന്ന് നുകരാൻ പുതിയ പാതയ്ക്കായി മുറവിളി
മലങ്കര ജലാശയത്തിന്‍റെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും വിധം ജലാശയത്തിന്‍റെ തീരം ചേർന്ന് പുതിയ പാത നിർമിക്കണമെന്ന ആവശ്യം ഉയരുന്നു.
ഇത് യാഥാർഥ്യമായാല്‍ ഇളംതെന്നലേറ്റ് തീരദൃശ്യങ്ങള്‍ കണ്‍കുളിർക്കെ കണ്ട് സഞ്ചാരികള്‍ക്ക് ഇതുവഴി സഞ്ചരിക്കാനാകും. കോളപ്രയില്‍ നിന്നും പാത ആരംഭിച്ചാല്‍ കിലോമീറ്ററുകള്‍ പിന്നിട്ട് കാഞ്ഞാറില്‍ എത്തിച്ചേരാനാകും.
മൂന്നാറിനും വാഗമണ്ണിനും തേക്കടിക്കുമുള്ള യാത്രയില്‍ സാഞ്ചരികള്‍ക്ക് കാഴ്ചകള്‍ കണ്ട് ഉല്ലസിക്കാനുള്ള ഇടത്താവളമായി മലങ്കര ജലാശയത്തെ മാറ്റാനാകും. മലങ്കര ഡാം യാഥാർഥ്യമാക്കിയപ്പോള്‍ ജലാശയവും പുഴയോര മേഖലയും വികസിപ്പിച്ച് മലന്പുഴ ഉദ്യാനത്തിന് സമാനമായ പ്രോജക്‌ട് തയാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും
പാത യാഥാർഥ്യമായാല്‍ കാടൻ തുരുത്തും വായനക്കാവും, ആനക്കയവും കണ്ട് ഇതിലൂടെ സഞ്ചരിക്കാനാകും. ഇവിടെ പാർക്കും റൈഡുമൊക്കെ ഏർപ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് അത് ഹൃദ്യമായ അനുഭവമാകും. ഇതിനു പുറമെ കുടയത്തൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും ഇതിടയാക്കും.
മലങ്കര തടാകത്തില്‍ കൂടി കോളപ്ര കുടയത്തൂർ, പെരുംകൊഴുപ്പ്, ആനക്കയം, വയനക്കാവ്, കാഞ്ഞാർ, ത്രിവേണി വരെ ബോട്ടിംഗും ഏർപ്പെടുത്താനാകും.