ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍
കട്ടപ്പന: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെള്ളിയാഴ്ച പകല്‍ 11ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് സമരം. വൈകിട്ട് ഗ്രാമപ്രദേശങ്ങളില്‍ 10 പേര്‍ പങ്കെടുത്ത് സായാഹ്നധര്‍ണയും നടത്തും.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ തിരികെ വിളിക്കുക, ലക്ഷദ്വീപിലെ സംസ്‌കാരത്തെയും വിശ്വാസത്തെയും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദ്വീപ് ജനതയുടെ ഭക്ഷണസ്വാതന്ത്ര്യം അടക്കം എല്ലാ മേഖലകളിലുമുള്ള അധികാരികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കുക, പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് കെ.എസ്. മോഹനന്‍, കെ.ആര്‍. സോദരന്‍, എം.സി. ബിജു, ടോമി ജോര്‍ജ്, വി.കെ. ധനപാലന്‍, രാജന്‍ മുതുകുളം, രാജാ മാട്ടുക്കാരന്‍, എം.കെ. ബാലാനന്ദന്‍ എന്നിവര്‍ അറിയിച്ചു.