കറുത്ത പൊന്നിന് തിളക്കമേറുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം കുരുമുളകിന് വില 400 കടന്നു
നെടുങ്കണ്ടം: മലയോര കര്‍ഷകന്റെ കറുത്ത പൊന്നിന് വര്‍ഷങ്ങള്‍ക്ക് ശേഷം വിലയേറുന്നു. ആഭ്യന്തര വിപണിയില്‍ ആവശ്യം കൂടിയതും
ഇറക്കുമതിയില്‍ ഉണ്ടായ കുറവും മൂലമാണ് കുരുമുളക് വില 400 രൂപ കടന്നത്. 2015ല്‍ കിലോയ്ക്ക് 730 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഓരോവര്‍ഷവും ഇടിയുന്ന സാഹചര്യമാണ് പിന്നീട്
ഉണ്ടായത്. കര്‍ഷകരുടെ കണ്ണീരായി വില ഇടിഞ്ഞതോടെ കുരുമുളക് കൃഷി ഉപേക്ഷിച്ചവരും അനേകമാണ്. എന്നാല്‍ ഇപ്പോള്‍ വില ഉയര്‍ന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ് കുരുമുളക് വില 400 രൂപ കടന്നത്. ഗുണമേന്‍മ അനുസരിച്ച് 400 മുതല്‍ 420 രൂപ വരെയാണ് ഒരുകിലോ കുരുമുളകിന്റെ നിലവിലെ വില.
270 മുതല്‍ 350 രൂപ വരെയായിരുന്നു ഏതാനും വര്‍ഷങ്ങളായുള്ള കുരുമുളകിന്റെ ശരാശരി വില. 2013ല്‍ 400 രൂപയിലെത്തിയ കുരുമുളക് വില പിന്നീട് ഉയര്‍ന്നാണ് 730ല്‍ എത്തിയത്. അതിനുശേഷം വേഗത്തില്‍ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു. വിയറ്റ്‌നാം ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതും കള്ളക്കടത്തുമാണ് തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന കുരുമുളകിന്റെ വില ഇടിവിനു കാരണമെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിരുന്നെങ്കിലും തദ്ദേശീയമായ കുരുമുളകിന്റെ വില ഉയര്‍ന്നില്ല. കള്ളക്കടത്ത് അടക്കമുള്ളവയാണ് ഇതിനു കാരണമെന്നായിരുന്നു ആരോപണം. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികള്‍. അതേസമയം കൃഷി ലാഭകരമല്ലാതെ ആയതോടെ നിരവധി പേര്‍ കൃഷി ഉപേക്ഷിച്ചതുമൂലം ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.