വന്യമൃഗ ശല്യം രൂക്ഷം; കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിൽ കർഷകർ.
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി ഇടുക്കി നെടുങ്കണ്ടം കോമ്പമുക്ക് സ്വദേശികൾ. വന്യമൃഗങ്ങളുടെ ആക്രമണം തുടർക്കഥയായതോടെ കൃഷി ഉപേക്ഷിച്ചത് നിരവധി കർഷകരാണ്. കാട്ടുപന്നിക്ക് പുറമേ മുള്ളൻപന്നിയുടെയും കുരങ്ങിന്റെയും ശല്യം കോവിഡ് പ്രതിസന്ധിയിൽ നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്ന കർഷകരെ വലയ്ക്കുകയാണ്.
കോമ്പമുക്ക് അമ്മാവൻപടി മേഖലയിലെ കർഷകരാണ് വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണം മൂലം കൃഷി ഉപേക്ഷിക്കുവാൻ നിർബന്ധിതരായത്. നിത്യവും ഉണ്ടാവുന്ന കാട്ടുപന്നി ആക്രമണമാണ് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നത്. കാച്ചിൽ, കപ്പ, ചേന, വാഴ, ചേമ്പ്, ഏലം തുടങ്ങി ഏത് വിള കൃഷിചെയ്താലും അത് കാട്ടുപന്നികൾ നശിപ്പിക്കും. ഇങ്ങനെ മേഖലയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് വന്യമൃഗങ്ങൾ നശിപ്പിച്ചത്.
ഇടവിള കൃഷികൾ കാട്ടുപന്നി തുടർച്ചയായി നശിപ്പിച്ചതിനെ തുടർന്നാണ് പാഷൻ ഫ്രൂട്ട്, കാപ്പി, ഏലം മുതലായവ കൃഷി ചെയ്ത് തുടങ്ങിയത്. എന്നാൽ മുള്ളൻപന്നി, കുരങ്ങ്, കേഴ തുടങ്ങിയവ ഇത്തരം കൃഷിയും നശിപ്പിക്കുകയാണ്. അൻപതോളം കർഷകരാണ് മേഖലയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം