കട്ടപ്പന നഗരത്തിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നിന്ന യുവാവ് നിരവധി പേരുടെ ലക്ഷക്കണക്കിന് രൂപയുടെ ഏലക്കായുമായി സംസ്ഥാനം വിട്ടു
കാഞ്ചിയാർ പേഴുംകണ്ടം സ്വദേശിയായ യുവാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങളായി നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു ഇയാള്‍.
ഈ ബന്ധം മുതലാക്കിയാണ് ഇയാള്‍ 10 ലക്ഷത്തോളം രൂപയുടെ ഏലക്കായ കൈക്കലാക്കിയത്.
വ്യാപാര സ്ഥാപനത്തില്‍ ഇടപാടു നടത്തിയിരുന്നവരുമായി വര്‍ഷങ്ങളായി ഇടപെട്ടുകൊണ്ടിരുന്നത് ഈ യുവാവായിരുന്നു. നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ പണം കൃത്യമായി അക്കൗണ്ടിലേക്ക് ഇട്ടു നല്‍കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി വിശ്വസ്തനായി ജോലി നോക്കിയിരുന്നതിനാല്‍ തന്നെ സ്ഥാപനത്തിലെ ഇടപാടുകളും ഇയാളായിരുന്നു നോക്കിക്കൊണ്ടിരുന്നത്.
ഇതിനിടെ കഴിഞ്ഞ ചില ആഴ്ച്ചകളായി ഇയാള്‍ പലരില്‍ നിന്നും ഏലക്കായ മൊത്തമായി വാങ്ങി സൂക്ഷിച്ചു. നാളുകളായി ഇടപാടു നടത്തുന്നതിനാല്‍ രൊക്കം പണം ആരും ആവശ്യപ്പെട്ടതുമില്ല. ഈ മാസം 12നാണ് യുവാവിനെ കാണാതായതായി വിവരം പുറത്ത് വരുന്നത്.
തുടര്‍ന്ന് ഉല്‍പ്പന്നം നല്‍കിയവര്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ നാടു വിട്ടതായി കണ്ടെത്തി. കട്ടപ്പന പോലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്‌തെങ്കിലും ഇയാള്‍ മുംബൈയിലേക്ക് കടന്നതായിട്ടാണ് സൂചന.
വാങ്ങിയ ഏലക്കായ കുറഞ്ഞ വിലക്ക് പലയിടങ്ങളിലായി വില്‍പ്പന നടത്തി പണം കൈക്കലാക്കിയതായി സൂചനയുണ്ട്. കിലോയ്ക്ക് 1700 രൂപ വില പറഞ്ഞ് പലരില്‍ നിന്നും വാങ്ങിയ ഏലക്കായ 1600 രൂപയ്ക്കാണ് മറിച്ചു വില്‍പ്പന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ പണവുമായിട്ടാണ് ഇയാള്‍ നാടുവിട്ടതെന്നാണ് വിവരം. തമിഴ്‌നാട് സ്വദേശി അടക്കം ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വിവരമുണ്ട്.