ദേശീയപാത കുമളി പട്ടണത്തെ വിഴുങ്ങുമോ? ആശങ്കയില്‍ വ്യാപാരികള്‍
കുമളി: കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയപാതയുടെ നവീകരണ ജോലി ആരംഭിക്കാനിരിക്കെ ഹൈറേഞ്ചിലെ പ്രധാന പട്ടണമായ കുമളിയില്‍ ആശങ്ക ശക്തമാകുന്നു. ദേശീയപാത നാലുവരിയായി വീതികൂട്ടുന്നതിന്‍റെ ഭാഗമായി കുമളിയില്‍ ബൈപാസ് നിര്‍മിക്കാൻ നടപടി സ്വീകരിക്കാതിരുന്നതാണ് ടൗണിലെ കെട്ടിട ഉടമകളെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നത്. നിലവിലെ റോഡ് വീതികൂട്ടുന്നതോടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ പൊളിച്ചുനീക്കേണ്ട സ്ഥിതിയാണുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്ബ് പാത നവീകരണത്തിന്‍റെ ഭാഗമായി ടൗണിലെ മിക്ക കെട്ടിടങ്ങളും ഉടമകള്‍തന്നെ പൊളിച്ചുനീക്കി സൗകര്യം ഒരുക്കിനല്‍കിയിരുന്നു. കെട്ടിടങ്ങള്‍ ഇടിച്ചുപൊളിച്ചതോടെ വികൃതമായ കുമളി ടൗണ്‍ ഇപ്പോഴത്തെ രൂപത്തിലേക്കാകാൻ വര്‍ഷങ്ങള്‍ വേണ്ടിവന്നു. അന്നത്തെ ഇടിച്ചുപൊളിക്കലും സ്ഥലം ഏറ്റെടുക്കലിനും ഒരുരൂപ പോലും നഷ്ടപരിഹാരമായി ഉടമകള്‍ക്ക് നല്‍കിയിരുന്നില്ല.
പിന്നീട്, ദേശീയപാത അധികൃതര്‍ നല്‍കിയ അനുമതി അനുസരിച്ചാണ് അധികൃതര്‍ നിശ്ചയിച്ച സ്ഥലത്ത് ഉടമകള്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ഇനിയൊരു വീതികൂട്ടല്‍ കുമളി ടൗണിനുനടുവിലൂടെ ഉണ്ടാവില്ലെന്നും ആവശ്യമെങ്കില്‍ ബൈപാസ് നിര്‍മിച്ചായിരിക്കും നാലുവരിപ്പാത ഉണ്ടാക്കുകയെന്നുമാണ് അന്ന് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍, ഇതെല്ലാം ലംഘിച്ചാണ് ഇപ്പോഴുള്ള പുതിയ കെട്ടിടങ്ങളും ഇടിച്ചുനിരത്താൻ പദ്ധതി ഒരുങ്ങുന്നത്. ദേശീയപാത വീതികൂട്ടുന്നത് വണ്ടിപ്പെരിയാര്‍ ടൗണിനെ ബാധിക്കാതിരിക്കാൻ ടൗണിനു പിന്നിലൂടെ ബൈപാസ് റോഡിന് ഇതിനകം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, വണ്ടിപ്പെരിയാറിനെക്കാള്‍ കൂടുതല്‍ കെട്ടിടങ്ങളാണ് കുമളിയില്‍ ഇടിച്ചുനിരത്തേണ്ടിവരിക. എന്നിട്ടും കുമളിയില്‍ ബൈപാസ് സംബന്ധിച്ച് ദേശീയപാത അധികൃതര്‍ പഠനം നടത്താതിരുന്നത് ജനപ്രതിനിധികളുടെ പിടിപ്പുകേടാണെന്ന് നാട്ടുകാര്‍ പറയുന്നു.
ചെളിമട മുതല്‍ സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റ് വരെ രണ്ടു കിലോമീറ്റര്‍ ദൂരം നിലവിലുള്ള റോഡ് വീതികൂട്ടിയാല്‍ വലിയ നാശനഷ്ടമായിരിക്കും കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാവുക. ടൗണില്‍ റോഡിന്‍റെ ഒരുഭാഗത്ത് റോസാപ്പൂക്കണ്ടം -ആനവാച്ചാല്‍ കനാല്‍ ഉള്ളതിനാല്‍ വീതികൂട്ടല്‍ കഴിയുമ്ബോള്‍ പല കെട്ടിടങ്ങളും പൂര്‍ണമായും ഇല്ലാതാകും. ചെളിമടയില്‍നിന്ന് പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം ഇരുന്ന ഭാഗത്തുകൂടി തേക്കടി കവല -റേഞ്ച് ഓഫിസ് മേട് വഴി തമിഴ്നാട്ടിലേക്ക്, അതല്ലെങ്കില്‍ ചെളിമട – ഒന്നാംമൈല്‍ വഴി തമിഴ്നാട് അതിര്‍ത്തിയില്‍ എത്തുംവിധം ബൈപാസ് നിര്‍മിക്കാനാവും. എന്നാല്‍, ഇത് സംബന്ധിച്ച് പഠനം നടത്താൻ അധികൃതര്‍ ഇതേവരെ തയാറായിട്ടില്ല. ടൗണിലെ നിലവിലെ കെട്ടിടങ്ങള്‍ക്ക് പിന്നിലുള്ള ചില വൻകിട കെട്ടിട ഉടമകളുടെ സമ്മര്‍ദമാണ് കുമളിയില്‍ ബൈപാസ് ഇല്ലാതാക്കിയതിനു പിന്നിലെന്നാണ് വിവരം.നിലവിലെ കെട്ടിടങ്ങള്‍ റോഡ് വികസനത്തിന്‍റെ ഭാഗമായി പൊളിക്കുന്നതോടെ ഇവരുടെ കെട്ടിടങ്ങള്‍ ദേശീയപാതയോരത്താകുമെന്നതാണ് സമ്മര്‍ദക്കാരുടെ നേട്ടം. ദേശീയപാത കടന്നുപോകുന്ന അതിര്‍ത്തിക്കപ്പുറത്തെ ഗൂഢല്ലൂര്‍, കമ്ബം, ഉത്തമ പാളയം, ചിന്നമന്നൂര്‍, തേനി എന്നിവിടങ്ങളിലെല്ലാം ടൗണുകളെ ഒഴിവാക്കി കൃഷിയിടങ്ങള്‍ നികത്തിയാണ് നാലുവരിപ്പാത നിര്‍മാണം.
ദേശീയപാത വീതികൂട്ടി കുമളി ടൗണ്‍ വഴി കടന്നുപോയാല്‍ വ്യാപാര മേഖലയെയും ഇത് സാരമായി ബാധിക്കും. അതിര്‍ത്തി കടന്നെത്തുന്ന വൻകിട ചരക്കുവാഹനങ്ങളുടെ തിരക്കിനിടയില്‍ ചെറുകിട വാഹനങ്ങളും നാട്ടുകാരും പ്രതിസന്ധിയിലാവും. തേക്കടിയിലെത്തുന്ന വിദേശ-സ്വദേശ വിനോദ സഞ്ചാരികള്‍, ശബരിമല തീര്‍ഥാടകര്‍ എന്നിവരെല്ലാം വാഹനത്തിരക്ക് കുറഞ്ഞ മറ്റു പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കാനിടയാക്കുന്നത് കുമളി ടൗണിലെ വ്യാപാരത്തെ തകര്‍ക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.