മെക്സിക്കൻ ഫലമായ ഡ്രാഗൺ ഫ്രൂട്ട് ഇനി വണ്ടൻമേട്ടിലും വിളയും
ഹൈറേഞ്ചിലെ കാലാവസ്ഥയിലും ഡ്രാഗൺ ഫ്രൂട്ട് സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് വണ്ടൻമേട്ടിലെ കർഷകനായ വർഗീസ് എബ്രഹാം.
മൂന്നുവർഷം മുമ്പ് നട്ടു വളർത്തിയ നൂറോളം ചുവട് ചെടിയാണ് ഇത്തവണ ഇദ്ദേഹത്തിൻറെ പുരയിടത്തിൽ ഫലമണിഞ്ഞു നിൽക്കുന്നത്.
പുറ്റടി ചേറ്റുകുഴി റൂട്ടിൽ പുറങ്കാവിൽ വർഗീസ് എബ്രഹാമിന്റെ വീടിന് മുൻവശത്തായി 30 സെൻറ് സ്ഥലമാണ് ഉള്ളത്.
ഇവിടെ വീടിന് മറവുണ്ടാകാത്ത തരത്തിൽ എന്തെങ്കിലും കൃഷി ചെയ്യണം എന്ന ആലോചനയിലാണ് അധികം ഉയരത്തിൽ വളരാത്ത ഡ്രാഗൺ ഫ്രൂട്ട് കൃഷി എന്ന ആശയം ഉരുത്തിരിഞ്ഞത്.
യൂട്യൂബ് വീഡിയോയിൽ നിന്നും ഫോൺ നമ്പർ സംഘടിപ്പിച്ച്
ഡ്രാഗൺ ഫ്രൂട്ട് കർഷകന്റെ പക്കൽ നിന്നും 200 ചുവട് തൈകൾ വിലയ്ക്കുവാങ്ങി. ഇത് നൂറ് തടങ്ങളിലായി നട്ടു. കോൺക്രീറ്റ് കാലുകൾക്ക് മുകളിൽ ടയർ ഉറപ്പിച്ച് അതിന്മേലാണ് ചെടികൾ പടർത്തിയത്. തുടക്കത്തിൽ നടീൽ ചെലവ് അല്പം കൂടുതലാണെങ്കിലും തുടർന്നുള്ള പരിചരണത്തിന് കാര്യമായ ചിലവ് വരുന്നില്ല.
മറ്റ് വിളകളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വളപ്രയോഗമോ ജലസേചനമോ പോലും വേണ്ടി വരുന്നില്ല.
100 ചെടികളിൽ നിന്ന് മൂന്നാം വർഷം തന്നെ 220 കിലോയോളം പഴം ലഭിച്ചതായി ഇദ്ദേഹം പറയുന്നു.
അനുയോജ്യമായ കാലാവസ്ഥ ആയതിനാൽ മറ്റ് ജില്ലകളിലെ അപേക്ഷിച്ച് കൂടുതൽ രുചിയും വലിപ്പവും ഉള്ള പഴങ്ങൾ ലഭിച്ചതായും വർഗീസ് പറഞ്ഞു. കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കൂടകളിൽ നിറച്ച പല പ്രായത്തിലുള്ള തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
ഏലം, കപ്പ, പച്ചക്കറികൾ തുടങ്ങി ഒട്ടുമിക്ക കാർഷികവിളകളും ഇദ്ദേഹത്തിൻറെ കൃഷിയിടത്തിൽ ഉണ്ട്.
പതിവ് കാർഷിക വിളകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വ്യത്യസ്തമായ ഇനങ്ങൾ കൂടി കൃഷിയിടങ്ങളിൽ പരീക്ഷിക്കണം എന്നാണ് ഇദ്ദേഹത്തിന് പുതിയ കർഷകരോട് പറയാനുള്ളത്.