ഇടമലക്കുടിയില് ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തില് ഇ – ഹെല്ത്ത് സംവിധാനം സജ്ജമായി. ഇ – ഹെല്ത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയിലെത്തി സംവിധാനം ആരംഭിക്കുന്നതിനുള്ള അവസാനവട്ട പ്രവൃത്തികള് പൂര്ത്തിയാക്കി ജീവനക്കാര്ക്ക് പരിശീലനം നല്കി.
ഏതാനും ആഴ്ചകള്‍ക്കുള്ളില് ഇടമലക്കുടി ആശുപത്രി പേപ്പര് രഹിത ആശുപത്രിയാകും. ഇതിന്റെ ഭാഗമായി ആളുകള്ക്ക് യുഎച്ച്‌ഐഡി കാര്ഡുകള് വിതരണം ചെയ്തു. ഇത് സ്വപ്ന സാക്ഷാത്കാരമാണെന്നു മന്ത്രി വീണ ജോര്ജ് പറഞ്ഞു.
ഇടമലക്കുടി നിവാസികള്ക്ക് ഇനി മുതല് അടിമാലി താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കല് കോളജ് എന്നിവിടങ്ങളിലും മറ്റ് ആശുപത്രികളിലേക്കും നേരിട്ട് ഇടമലക്കുടി ആരോഗ്യകേന്ദ്രത്തില്നിന്നുതന്നെ ഓണ്ലെന് അപ്പോയ്ന്റ്മെന്റ് എടുക്കാം. ഇതിന്റെ അടിസ്ഥാനത്തില് ആശുപത്രികളില് മുന്ഗണന ലഭ്യമാകുകയും ഡോക്ടറെ കാണാനും സാധിക്കും. ചികിത്സാ രേഖകള് അവിടേക്ക് കൊണ്ടുപോകേണ്ടതില്ല. ചികിത്സാവിവരങ്ങളെല്ലാം മെഡിക്കല് കോളജിലും ജില്ലാ ആശുപത്രികളിലും ലഭ്യമാകും.
ഗോത്രവര്ഗ പഞ്ചായത്തായ ഇടമലക്കുടിയില് ആരോഗ്യ കേന്ദ്രമോ ചികിത്സയോ ഇല്ലാതെ കാടിനുള്ളില് കഴിയുകയായിരുന്നു ഇവിടുത്തെ സമൂഹം. ചികിത്സയ്ക്ക് സ്ഥിരം സംവിധാനം ഒരുക്കുക എന്നുള്ളത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഏറ്റവും പ്രായോഗികമായ പരിഹാരം ഡോക്ടര്മാര് ഉള്പ്പെടെയുള്ള ആരോഗ്യ പ്രവര്ത്തകരുടെ സ്ഥിരം തസ്തികകള് സൃഷ്ടിക്കുക എന്നതായിരുന്നു. ഇടമലക്കുടിയിലും ചട്ടമൂന്നാറിലും ഉള്പ്പെടെ തസ്തികകള് സൃഷ്ടിച്ചതിനു പുറമെ ഇടമലക്കുടിയില് ആരോഗ്യ കേന്ദ്രവും നിര്മിച്ചു.
ഇ – ഹെല്ത്ത് അഡീഷണല് പ്രോജക്‌ട് ഡയറക്ടര് ഡോ.മഹേഷ്, ജോയിന്റ് ഡയറക്ടര്മാരായ ഡോ. റോണ്ജന്, അഖിലാ രാജ്, ഇടുക്കി ജില്ലാ പ്രോജക്‌ട് എന്ജിനിയര് ഷീനു തോമസ്, ടെക്നിക്കല് സ്റ്റാഫ് വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് ഇടമലക്കുടിയില് എത്തിയത്.









































































