എൻഡിഎ ഇടുക്കി എംഎൽഎ ഓഫീസ് മാർച്ച് മാർച്ച് ഒമ്പത് രാവിലെ പത്ത് മണിക്ക് ചെറുതോണിയിൽ

എൻഡിഎയുടെ നേതൃത്വത്തിൽ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് 2026 മാർച്ച് ഒമ്പതാം തീയതി ജനകീയ മാർച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന വക്താവ് റെജി ലൂക്കോസ് മാർച്ച് ഉദ്ഘാടനം ചെയ്യും.
മണ്ഡലത്തിൽ കാൽ നൂറ്റാണ്ട് തികയ്ക്കുന്ന എംഎൽഎയുടെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുമ്പിൽ തുറന്നുകാണിക്കുന്നതിനും,വികസനമുരടിപ്പിനെതിരെയുമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും പ്രാദേശിക ജനകീയ പ്രശ്നങ്ങളിൽ എൻഡിഎ പ്രവർത്തകർ ഒപ്പു ശേഖരണം നടത്തിയിട്ടുണ്ട്. ഈ വിഷയങ്ങൾ പരിപാടിയില്‍ ഉയർത്തിക്കാട്ടും.അതാത് സ്ഥലങ്ങളിൽ ശേഖരിച്ച ഒപ്പുകൾ പരിപാടിയിൽ വച്ച് ജില്ലാ നേതൃത്വത്തിന് കൈമാറും.കഴിഞ്ഞ നാല് വർഷവും ഒമ്പത് മാസവും മണ്ഡലത്തിലേക്ക് തിരിഞ്ഞുപോലും നോക്കാതിരുന്ന ഇടുക്കി എംഎൽഎ ഇപ്പോൾ ഉദ്ഘാടനങ്ങളുടെ തിരക്കിലാണ്.സർക്കാരിൻ്റെ കാലാവധി അവസാനിക്കാൻ ആറുമാസം മുമ്പ് എങ്കിലും ബാക്കിയുള്ളപ്പോൾ ഉദ്ഘാടനങ്ങൾ നടത്തിയാൽ അംഗീകരിക്കാം. ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടത്തുന്ന ഉദ്ഘാടനങ്ങളെ തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി കാണാൻ സാധിക്കുകയുള്ളൂ.പല പദ്ധതികൾക്കും വേണ്ടത്ര അനുമതികൾ പോലും സമ്പാദിക്കാതെയാണ് ഉദ്ഘാടനം നടത്തിയിട്ടുള്ളത് .
ഇടുക്കിയിലെ നിർമ്മാണ നിരോധനം ഇപ്പോഴും പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഭൂപതിവ് നിയമ ഭേദഗതിയിലെ രണ്ടാമത്തെ ചട്ടം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. കട്ടപ്പന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകും എന്ന വാഗ്ദാനവും നടപ്പാക്കാൻ സാധിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ആണ് പട്ടയ നടപടികൾ വീണ്ടും ഹൈക്കോടതി സ്റ്റേ ചെയ്തത്.സിഎച്ച്ആർ മേഖലയിലെ പട്ടയ നടപടി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിട്ടും അതിനെ മറികടക്കാൻ യാതൊന്നും ചെയ്യുന്നില്ല.
ടൂറിസം മേഖലയിലെ പദ്ധതികൾ വാഗ്ദാനങ്ങളിലും ഉദ്ഘാടനങ്ങളിലും മാത്രം ഒതുങ്ങുന്നു. നാമമാത്രമായ പ്രവർത്തനങ്ങൾ നടത്തി മന്ത്രി തടി തപ്പുകയാണ്. കാൽ നൂറ്റാണ്ടുകൊണ്ട് ഇടുക്കി നിയോജകമണ്ഡലത്തിൽ എത്തേണ്ട വികസന പ്രവർത്തനങ്ങൾ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങൾക്ക് വിലയിരുത്താൻ ഒരവസരം സൃഷ്ടിക്കുന്നതിനാണ് ദേശീയ ജനാധിപത്യമുന്നണി ഇടുക്കി എംഎൽഎയുടെ ചെറുതോണി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.എൻഡിഎയുടെ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ബഹുജന മാർച്ചിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
പത്രസമ്മേളനത്തിൽ :
ബിജെപി ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് , ബിഡിജെഎസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, നിയോജകമണ്ഡലം ഇൻ ചാർജ് രതീഷ് വരകുമല, മണ്ഡലം പ്രസിഡൻ്റ് ലീന രാജു, തുടങ്ങിയവർ പങ്കെടുത്തു.









































































