കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്‌ഫോമറും വൈദ്യുതി ലൈനുമെല്ലാം കാടുകയറി മൂടി അപകട ഭീഷണിയിൽ
കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്‌ഫോമറും വൈദ്യുതി ലൈനുമെല്ലാം കാടുകയറി മൂടി അപകട ഭീഷണിയിൽ
കട്ടപ്പന നഗരസഭാ ഓഫിസിനു സമീപത്തെ മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമറാണ് കാടുകയറി മൂടിയിരിക്കുന്നത്. ചുറ്റുവേലി കെട്ടി അടച്ചിട്ടിരിക്കുന്ന ട്രാൻസ്‌ഫോമറിന്റെ പരിസരത്തേക്ക് കെഎസ്ഇബി ജീവനക്കാർ എത്തിനോക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് ജനം ആരോപിക്കുന്നു.
മൈതാനത്തിന്റെ ഒരുവശത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമർ കാടുകയറി മൂടിയിരിക്കുന്നത് ഇവിടെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ എത്തുന്നവർക്കും ഭീഷണി സൃഷ്ടിക്കുന്നു. കാട് വളർന്ന് സംരക്ഷണ വേലിയിലും ട്രാൻസ്‌ഫോമറിലും സമീപത്തെ പോസ്റ്റിലും വൈദ്യുതി ലൈനിലുമെല്ലാം പടർന്നു കയറിയ നിലയിലാണ്.
സംരക്ഷണവേലി കാണാൻ കഴിയാത്തവിധം കാടുകയറി മൂടിയിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ ഇതിലൂടെ വൈദ്യുതി പ്രവഹിച്ച് അപകടത്തിനു സാധ്യതയുണ്ടെന്നാണ് ആരോപണം.
കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ഫുട്‌ബോളും മറ്റും ഈ ഭാഗത്തേയ്ക്ക് വരുമ്പോൾ എടുക്കാനായി എത്തുന്നതാണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്. വളർന്നു പന്തലിച്ചു നിൽക്കുന്ന കാട് വെട്ടിമാറ്റി അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.