ആരാധകരെ ശാന്തരാകുവിന്‍; തിരുവനന്തപുരത്ത് ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് സാധ്യത


തിരുവനന്തപുരം: ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള കേരളത്തിന്‍റെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കാന്‍ സാധ്യത. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഒന്നിലധികം മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നതായാണ് ദേശീയ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വമരുളുന്നത്.
ഏകദിന ലോകകപ്പിന്‍റെ മത്സരക്രമവും വേദികളും ഐസിസി ഇതുവരെ പുറത്തുവിട്ടിട്ടില്ല എങ്കിലും വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കായി വരുന്നത്. ലോകകപ്പിലെ രണ്ടോ മൂന്നോ മത്സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചേക്കും. നവംബറില്‍ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കാര്യവട്ടത്തെ ലോകകപ്പ് മത്സരങ്ങള്‍ ഒക്ടോബറില്‍ തന്നെ നടത്താനാണ് ബിസിസിഐയും കേരള ക്രിക്കറ്റ് അസോസിയേഷനും പദ്ധതിയിടുന്നത്. ‘ഐസിസി മത്സരക്രമം പുറത്തുവിടുമ്പോള്‍ തിരുവനന്തപുരത്തിന്‍റെ പേര് വേദിയായി വരാനിടയുണ്ട്. എന്നാല്‍ ടീം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് കാര്യവട്ടം വേദിയാവാന്‍ ഇടയില്ല. ശ്രീലങ്കയുടെ മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സാധ്യതയുണ്ട്. മറ്റ് ചില മത്സരങ്ങള്‍ക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചേക്കും’ എന്നും ലോകകപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ഇതുവരെ ഔദ്യോഗികമായി ബിസിസിഐയില്‍ നിന്ന് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ‘തിരുവനന്തപുരത്തെ ഏകദിന ലോകകപ്പ് വേദിയായി പരിഗണിക്കണമെന്ന് കെസിഎ ആവശ്യപ്പെട്ടിരുന്നു എന്നത് വസ്‌തുതയാണ്. ചില മത്സരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഐസിസിയില്‍ നിന്നും ബിസിസിഐയില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാനായി കാത്തിരിക്കുകയാണ്’ എന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിസിസിഐയുടെ മുന്‍ ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ജയേഷ് ജോര്‍ജ്. ഇന്ത്യ മുമ്പും ലോകകപ്പിന് വേദിയായിട്ടുണ്ടെങ്കിലും കേരളത്തിന് മത്സരങ്ങള്‍ അനുവദിച്ചിരുന്നില്ല. എട്ട് വര്‍ഷത്തിനിടെ അഞ്ച് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മികച്ച സൗകര്യങ്ങളാണ് ലോകകപ്പിനായി ഇവിടം പരിഗണിക്കാനുള്ള കാരണങ്ങളിലൊന്ന്.