ജില്ലയിൽ ഓഫ് റോഡ് ഡ്രൈവിംഗ് നിയന്ത്രിക്കാൻ നിർദേശം


സുരക്ഷയുടെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് നടക്കുന്ന ഓഫ് റോഡ് ഡ്രൈവിങ്ങിന് നിയന്ത്രണം വരുന്നു .മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സുരക്ഷിതമായ ഓഫ് റോഡ് യാത്രക്കായി വാഹനങ്ങളുടെ ലൈസൻസ്, പെർമിറ്റ് എന്നിവ പരിശോധിച്ച് അനുമതി നൽകുന്നതിനായി സമിതി രൂപീകരിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാകും നിയന്ത്രങ്ങളുടെ ചുമതല. മഴക്കാലം വരുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കമ്മിറ്റിയുടെ നിർദേശങ്ങൾ കര്ശനമായി പാലിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇടുക്കി പാർക്കിനോട് ചേർന്ന് നിർമാണം പൂർത്തിയായിട്ടുള്ള ഇക്കോ ലോഡ്ജിന്റെയും കുടിയേറ്റ സ്മാരകത്തിന്റെയും ഉദ്ഘാടനം ജൂൺ അവസാന വാരം നടത്താനും യോഗം തീരുമാനിച്ചു. നിർമാണം നടന്നുവരുന്ന യാത്രി നിവാസിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ നടക്കും . മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, മുതിരപ്പുഴ റിവർ സൈഡ് വാക് വേ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീയായതായി ഡി ടി പി സി സെക്രട്ടറി യോഗത്തിൽ അറിയിച്ചു. വനംവകുപ്പുമായി സഹകരിച്ച് കൂടുതൽ വ്യൂ പോയിന്റുകൾ കണ്ടെത്തി ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും . ജൂൺ 23 ന് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് നടത്തും.
യോഗത്തിൽ എം എം മണി എംഎൽഎ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ജില്ലാ കളക്ടർ ഷീബാ ജോർജ്, ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്, ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.