അരിക്കൊമ്പനെ നാളെ മയക്കുവെടി വച്ചേക്കും; കോയമ്പത്തൂരില്‍ നിന്നെത്തുന്നത് മുത്തു, സ്വയംഭൂ എന്നീ കുങ്കിയാനകള്‍
അരിക്കൊമ്പന്‍ കാട്ടാന വീണ്ടും തമിഴ്‌നാട്ടിലെ ജനവാസമേഖലയിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവ്. അരിക്കൊമ്പനെ നാളെ മയക്കുവെടി വയ്ക്കുമെന്നാണ് വിവരം. വനത്തിലേക്ക് തന്നെ ആനയെ തുരത്താനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിലവിലെ തീരുമാനം. ഇതിനായി കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.കോയമ്പത്തൂര്‍ ടോപ് സ്ലിപ്പില്‍ നിന്ന് ഇന്ന് രണ്ട് കുങ്കിയാനകളെയാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്ന കമ്പത്ത് എത്തിക്കുക. സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്പത്തെത്തുക.ജനവാസമേഖലയില്‍ നിന്നും അരിക്കൊമ്പനെ തുരത്താന്‍ വനപാലകര്‍ പടക്കം പൊട്ടിച്ചതോടെ ആന വിരണ്ടോടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിന്തുടരുകയാണ്. ഇന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തുകയും ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തിരുന്നു.
ലോവര്‍ ക്യാമ്പില്‍ നിന്ന് വനാതിര്‍ത്തിയിലൂടെ അരിക്കൊമ്പന്‍ ടൗണിലെത്തിയെന്നാണ് നിഗമനം. അരിക്കൊമ്പന്റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ കിട്ടാന്‍ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കൂടുമ്പോഴാണ് അരിക്കൊമ്പനില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുന്നത്. ഈ ഒരു മണിക്കൂറിനിടെ അരിക്കൊമ്പന്‍ ഏത് ദിശയിലെത്തുമെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിരുന്നു. എന്നാല്‍ അരിക്കൊമ്പനെ കണ്ടെത്താന്‍ പലപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല.