മനുഷ്യത്വപൂര്‍വ്വമായ ജനകീയ ബാധ്യത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട് : മന്ത്രി എ.കെ ശശീന്ദ്രന്‍

മനുഷ്യത്വ പൂര്‍വ്വമായ ജനകീയ ബാധ്യത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘വന സൗഹൃദ സദസ്സ്’- കാടിനെ കാക്കാം നാടിനെ കേള്‍ക്കാം കര്‍മ്മപരിപാടി കുട്ടിക്കാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ശത്രുത മനോഭാവത്തോടെ വനം വകുപ്പ് അധികൃതരെ നോക്കി കാണുന്ന സ്ഥിതിവിശേഷം മാറണം. ഇത് വനം വകുപ്പിന്റെ പ്രവര്‍ത്തികള്‍ ശക്തിപ്പെടുത്തുന്നതിനു പകരം തളര്‍ത്തും. വനം വകുപ്പിന് ജനാഭിമുഖ്യം ഉള്ള മുഖം വളര്‍ത്തിയെടുക്കാന്‍ വന സൗഹൃദ സദസ്സ് ഒരു തുടക്കമാകും.
പീരുമേട് ഡിവിഷനില്‍ 18,50,000 രൂപയാണ് നഷ്ടപരിഹാരമായി കൊടുക്കാനുള്ളത്. ഈ തുക ഒരു ഉത്തരവ് പ്രകാരം വനംവകുപ്പിന് കൈമാറി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപടി ക്രമീകരണം പൂര്‍ത്തിയാക്കി മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള ആദ്യ ഘടു കൈമാറും. യഥാര്‍ത്ഥ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് രണ്ടാം ഘടു കൈമാറും. ഈ 30 നുള്ളില്‍ കൊടുത്തുതീര്‍ക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് മന്ത്രി പറഞ്ഞു.
കുട്ടിക്കാനം മരിയന്‍ കോളേജില്‍ വച്ച് നടന്ന പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതു സമ്മേളനത്തിന് മുന്നോടിയായി ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. പീരുമേടിനെ ഹോട്ട്‌സ്‌പോട്ട് ആയി പരിഗണിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ആര്‍ ആര്‍ ടിയ്ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു. റോഡ് നിര്‍മ്മാണത്തില്‍ എന്‍.ഒ.സി നല്‍കുന്ന വിഷയത്തില്‍ 1980 ന് മുന്‍പ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്ളതും പഞ്ചായത്തിന്റെ പണമോ പൊതുപണമോ ഉപയോഗിച്ച് നിര്‍മ്മിക്കുകയോ നന്നാക്കുകയോ ചെയ്യുകയോ ചെയ്ത റോഡുകള്‍ മെയിന്റനന്‍സ് നടത്തുന്നതിന് അപേക്ഷ പാര്‍വേശ് പോര്‍ട്ടല്‍ വഴി ലഭിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ അനുമതി നല്‍കും. ഒപ്പം ആദിവാസി സെറ്റില്‍മെന്റ് കോളനി വഴി കടന്നുപോകുന്ന റോഡ് മെയിന്റനന്‍സ് നടത്തുന്നതിന് അപേക്ഷ പാര്‍വേശ് പോര്‍ട്ടല്‍ വഴി 10 ദിവസത്തിനകം നല്‍കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു. വിവിധ മേഖലകളില്‍ വനസംരക്ഷണ സമിതി രൂപീകരിക്കണമെന്ന ആവശ്യത്തില്‍ ആദ്യ നടപടി സ്വീകരിക്കും.
കുമളി ഗ്രാമ പഞ്ചായത്ത് സൂചിപ്പിച്ച പ്രശ്‌നങ്ങളില്‍ തോടുകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യത്തില്‍ ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കാന്‍ നിര്‍ദേശം നല്‍കി.
ശബരിമല സീസണ്‍ കാലത്ത് ടോയ്‌ലറ്റ് സൗകര്യം നിര്‍മിക്കാന്‍ പഞ്ചായത്തിന് അനുമതി നല്‍കുകയോ അല്ലെങ്കില്‍ വനംവകുപ്പ് നിര്‍മ്മിക്കുകയോ ചെയ്യണമെന്ന ആവശ്യത്തില്‍ സീസണ്‍ കാലത്ത് വനം വകുപ്പ് താല്‍കാലിക ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. ബോട്ട് ലാന്‍ഡിഗിനു എത്തുന്നവര്‍ക്ക് ഇ ഡി സി കെട്ടിടത്തോട് അനുബന്ധിച്ച് ടോയ്ലറ്റ് സൗകര്യം ഒരുക്കണമെന്ന ആവശ്യം നടപ്പിലാക്കും.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ.പി. പുകഴേന്തി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി പ്രമോദ്, ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.