അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ രാജന്‍

സ്മാര്‍ട്ടായി വണ്ടന്‍മേട്, രാജാക്കാട് വില്ലേജ് ഓഫീസുകള്‍
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വണ്ടന്‍മേട്, രാജാക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്.
ഈ വര്‍ഷം നവംബര്‍ 1 ന് മുന്‍പായി 1666 വില്ലേജ് ഓഫീസുകളും, 77 താലൂക്ക് ഓഫീസുകളും, 27 ആര്‍ ഡി ഓഫീസുകളും 14 കളക്ടറേറ്റുകളും , ലാന്‍ഡ് റവന്യു കമ്മിഷണറേറ്റും സംസ്ഥാന സെക്രട്ടേറിയേറ്റ് റവന്യു വിഭാഗവും അടക്കം റവന്യു വകുപ്പില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭൂപതിവ് നിയമങ്ങളില്‍ വിപുലമായ ചര്‍ച്ചകളിലൂടെ കാലാനുസൃതവും അനിവാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമമാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന തല നിരീക്ഷണ സമിതി രൂപികരിച്ച് പട്ടയ മിഷന്‍ രൂപികരിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയ മിഷന്‍ രൂപികരിക്കപ്പെടുന്നതോടെ പട്ടയ വിതരണത്തിന് കൂടുതല്‍ വേഗത വരും. സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രത്യേകമായ മിഷന് തന്നെ രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എം എം മണി എംഎല്‍എ അധ്യക്ഷതയും ശിലാഫലകം അനാച്ഛാദനവും നിര്‍വഹിച്ചു. റവന്യു വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഭൂമിക്ക് രേഖയില്ല എന്നത് ആശാവഹമാണ്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്നത് ഉറപ്പാക്കണ്ടേ ബാധ്യത സര്‍ക്കാരിനുണ്ടെന്നും അതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ എം എം മണി എം എല്‍ എ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി ഓണ്‍ലൈന്‍ ആയി ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കുകയും കാലോചിതമായി പരിഷ്‌കരിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് വണ്ടന്‍മേട് വില്ലേജ് ഓഫിസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1250 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ റിസപ്ഷന്‍, റെക്കോഡ് റൂം, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് മുറി, ഡൈനിംഗ് റും, ശുചിമുറി അടക്കം ആധുനിക നിലവാരത്തിലാണ് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്. ഭിന്നശേഷി സൗഹാര്‍ദമായാണ് വില്ലേജ് ഓഫീസിന്റെ രൂപകല്‍പ്പന. 122 വര്‍ഷത്തെ ചരിത്ര പ്രാധാന്യമുള്ളതാണ് വണ്ടന്‍മേട് പഴയ വില്ലേജ് ഓഫീസ്. ആദ്യ കാലത്ത് തോക്ക് സൂക്ഷിക്കാന്‍ അനുമതിയുള്ള വില്ലേജ് ഓഫീസാണിത്. ദേവികുളത്തെ ട്രഷറിയില്‍ നികുതി പണമെത്തിക്കുന്നതിന് ജീവനക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണത്തിനുള്ള ആയുധമായാണ് തോക്ക് അനുവദിച്ചത്. പഴയ വില്ലേജ് ഓഫീസ് കെട്ടിടം മ്യൂസിയമാക്കി മാറ്റാനാണ് തീരുമാനം.
വണ്ടന്‍മേട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സ്വാഗതവും, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി. ജില്ലാപഞ്ചായത്തംഗം ജിജി കെ ഫിലിപ്പ്, വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു, ത്രിതല പഞ്ചായത്തംഗങ്ങളായ രഞ്ജിത്ത് നാഗയ്യാ, ജി.പി.രാജന്‍, തോമസ് ജോണ്‍, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ എം. എസ് വിനോദ്, കെ.കുമാര്‍, റ്റി എസ് ബിസി എന്നിവര്‍ സംസാരിച്ചു.