ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി ആന്റ് റിസോഴ്‌സ് സെന്റര്‍ തുറന്നു


ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ആധുനിക മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി ആന്റ് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യമുക്ത കേരളം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ മാലിന്യത്തില്‍ നിന്ന് തന്നെ വളവും, വരുമാനവും കണ്ടെത്തുന്ന ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എംഎല്‍എ പറഞ്ഞു. നാട്ടിലെ മാലിന്യം ശേഖരിച്ച് വളവും, വൈദ്യുതിയും, വരുമാനവും, കണ്ടെത്തുന്ന നിലയിലേക്ക് ആധുനിക സാങ്കേതിക വിദ്യ വളര്‍ന്നു. ശരിയായ മാലിന്യ സംസ്‌കരണത്തിലൂടെ നാടിനെ മാലിന്യ മുക്തമാക്കുന്നതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും കാര്‍ഷിക മേഖലയിലെ വികസനത്തിന് വഴിതെളിക്കാന്‍ ജൈവവള നിര്‍മ്മാണം, മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങി വരുമാനം കണ്ടെത്താനും കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ റോഡുകള്‍ ഏറ്റവും മികച്ച നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞു. ഇരട്ടയാര്‍ പത്ത്‌ചെയിന്‍ പ്രദേശത്ത് അടക്കം സംസ്ഥനാത്തൊട്ടാകെ നിരവധി പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞു. ഇത് സാധ്യമായത് സര്‍ക്കാരിന്റെ നിലപാടും, ഇച്ഛാശക്തിയാണെന്നും ജനപ്രതിനിധി എന്ന നിലയില്‍ അതിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടയം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൈവശക്കാരനെ കുടിയിറക്കി വിടാന്‍ കഴിയില്ല. നഷ്ടപരിഹാരവും പകരം സ്ഥലവും നല്‍കണം അതിന് നിയമം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്തിലെ
വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിന് മെറ്റിരിയല്‍ ഡെഗ്രിഗേഷന്‍ ഫെസിലിറ്റി സംവിധാവും കളക്ഷന്‍ കൗണ്ടറുകളും നവീകരിച്ച മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
13 ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായത്.
പ്ലാസ്റ്റിക് മാലിന്യം കെട്ടുകളാക്കി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന
രണ്ട് ബെയ്‌ലിംഗ് മെഷിന്‍, ശേഖരിക്കുന്ന കുപ്പികളിലെയും പ്ലാസ്റ്റിക് മാലിന്യത്തിലെ പൊടിയും ചെളിയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഡസ്റ്റ് റിമൂവിംഗ് മെഷിന്‍ എന്നിവയും മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ നേരത്തെ സജ്ജീകരിച്ചിട്ടുണ്ട്.
ഇരട്ടയാര്‍ ഗ്രാമപഞ്ചയാത്ത് മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി ആന്റ് റിസോഴ്‌സ് സെന്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിന്‍സണ്‍ വര്‍ക്കി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയ്‌നമ്മ ബേബി, മിനി സുകുമാരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ.ആര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അജയ് പി കൃഷ്ണ, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ്, ഹരിത കര്‍മ്മസേന ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എബി വര്‍ഗീസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനില ഷാജി എന്നിവര്‍ സംസാരിച്ചു.