ബഫർസോൺ; സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ബഫർ സോണിലെ നിർമ്മാണങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. നിരോധിക്കേണ്ടത് നിരോധിക്കണം. നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കണം. സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി സൃഷ്ടിച്ചെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങൾ വന്ന പ്രദേശങ്ങളും വിജ്ഞാപനത്തിനായി പരിഗണിക്കുന്ന പ്രദേശങ്ങളും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ജൂണിലാണ് ബഫർസോൺ വിധി പ്രഖ്യാപിച്ചത്. വിധിയിൽ മാറ്റം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ ഹർജിയും അതിൽ ഇളവ് തേടിയുള്ള കേരളത്തിന്‍റെ ഹർജിയുമാണ് കോടതി പരിഗണിച്ചത്. സമ്പൂർണ വിലക്ക് ശരിയായ തീരുമാനമല്ലെന്നും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇതു ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി തന്നെ ഭേദഗതി ചെയ്യുമെന്നാണ് സൂചന. ഹർജികളിൽ വ്യാഴാഴ്ച വാദം തുടരും.