സ്വവർഗ വിവാഹം; എതിർപ്പുമായി കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സ്വവർഗ രതിയും ഒരേ ലിംഗത്തിൽപ്പെട്ടവർ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.
പുരുഷനെ ഭർത്താവായും സ്ത്രീയെ ഭാര്യയായും കാണുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിൽ, ഇവർക്ക് ജനിക്കുന്ന കുഞ്ഞിന് പുരുഷൻ പിതാവും സ്ത്രീ അമ്മയുമാണ്. സ്വവർഗ വിവാഹത്തെ ഇതുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. എതിർ ലിംഗത്തിൽ പെടുന്നവർ തമ്മിലുള്ള വിവാഹമാണ് നിലവിലുള്ള സമ്പ്രദായം. നിയമപരമായ ഇടപെടൽ കൊണ്ട് ഇതിനെ അസ്വസ്ഥമാക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹം സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വവർഗ ദമ്പതികൾ സമർപ്പിച്ച ഹർജികളിൽ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.