എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലി; ഇന്ത്യന്‍ വംശജനെതിരെ കേസ്
മുംബൈ: എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിനും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറിയതിനും ഇന്ത്യൻ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. മാർച്ച് 11നാണ് 37 കാരനായ രമാകാന്തിനെതിരെ ഷഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
രമാകാന്ത് വിമാനത്തിന്‍റെ ശുചിമുറിയിൽ പ്രവേശിച്ചതിന് പിന്നാലെ ഫയർ അലാറം മുഴങ്ങി. ജീവനക്കാർ എത്തുമ്പോൾ രമാകാന്തിന്‍റെ കൈയിൽ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. രമാകാന്തിന്‍റെ കയ്യിൽ നിന്ന് സിഗരറ്റ് പിടിച്ചു വാങ്ങിയതോടെയാണ് പ്രകോപിതനായ ഇയാൾ ജീവനക്കാർക്ക് നേരെ ആക്രോശിക്കാൻ തുടങ്ങിയത്.
എന്നാൽ കുറച്ച് സമയത്തിന് ശേഷം രമാകാന്ത് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. നിർദ്ദേശങ്ങൾ കേൾക്കാതായപ്പോൾ ജീവനക്കാർ ഇയാളെ സീറ്റിൽ ഇരുത്തി കൈകാലുകൾ കെട്ടിയിട്ടു. ബാഗിൽ മരുന്നുകൾ ഉണ്ടെന്ന് ഇയാൾ പറഞ്ഞതനുസരിച്ച് പരിശോധിച്ചപ്പോൾ ബാഗിൽ ഇ-സിഗരറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് എയർ ഇന്ത്യ ജീവനക്കാർ പോലീസിനോട് പറഞ്ഞത്.