ബ്രഹ്മപുരത്തെ തീപ്പിടുത്തം; തീ നിയന്ത്രണ വിധേയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വൈകുന്നേരത്തോടെ തീ പൂർണമായും അണച്ചേക്കും. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക ഏകോപന സമിതി രൂപീകരിക്കും. മാലിന്യ നിർമാർജ്ജനം പുനരാരംഭിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും ഇപ്പോൾ അത്തരമൊരു സാഹചര്യമില്ല. ആസ്ത്മയുള്ളവർ മാത്രം പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരത്ത് നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്ന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുക ശ്വസിച്ച് അസുഖം വന്നാൽ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.